തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് സർവകലാശാലകളുടെ നിയമത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന കരട് ബില്ല് ബുധനാഴ്ച മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക്. മന്ത്രിസഭയുടെ അംഗീകാരമായാൽ വരുന്ന നിയമസഭ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനാണ് ധാരണ. സർവകലാശാലകളുടെ ഭരണ, അക്കാദമിക സമിതികളായ സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ എന്നിവയുടെ ഘടനയിൽ സമൂലമാറ്റം നിർദേശിക്കുന്നതാണ് ബില്ല്. പല സർവകലാശാലകളിലും ഒട്ടേറെപേരെ കുത്തിനിറച്ച ജംബോ സമിതികളാണ് നിലവിലുള്ളത്.
സമിതി അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ.ശ്യാം ബി. മേനോൻ കമീഷന്റെയും ഡോ.എൻ.കെ. ജയകുമാർ കമീഷന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബില്ല് കൊണ്ടുവരുന്നത്. സർവകലാശാല സേവനങ്ങൾ വേഗത്തിൽ വിദ്യാർഥികൾക്ക് ഉറപ്പുവരുത്താനുള്ള വ്യവസ്ഥകളും കരട് ബില്ലിലുണ്ട്.
നിലവിൽ കേരള, കാലിക്കറ്റ് സർവകലാശാലകളിൽ ബിരുദം നൽകാനുള്ള അധികാരം സെനറ്റിനാണ്. ഇതുകാരണം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചാലും സെനറ്റ് ചേരുന്നതുവരെ ബിരുദ സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്ത സാഹചര്യമാണ്. ബിരുദം നൽകാനുള്ള അധികാരം സെനറ്റിൽനിന്ന് സിൻഡിക്കേറ്റിലേക്ക് മാറ്റാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. സർവകലാശാലകളിൽനിന്ന് നിശ്ചിത സമയത്തിനകം വിദ്യാർഥികൾക്ക് സേവനം ഉറപ്പുവരുത്തുന്ന രീതിയിൽ സേവനാവകാശവും ഭേദഗതിയായി കൊണ്ടുവരും.
നാല് വർഷ ബിരുദ കോഴ്സുകളുടെ നടത്തിപ്പ് സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നത്. നിശ്ചിത സമയത്തിനകം സേവനം ലഭ്യമാക്കാത്തവർക്ക് പിഴയടക്കമുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. വിദ്യാർഥികളുടെ അന്തർ സർവകലാശാല മാറ്റത്തിനുള്ള വ്യവസ്ഥകളും ലളിതമാക്കും. കോഴ്സിന്റെ ഭാഗമായി പൂർത്തിയാക്കുന്ന ക്രെഡിറ്റുകൾ വിദ്യാർഥിയുടെ മാറ്റത്തിനൊപ്പം മറ്റൊരു സർവകലാശാലയിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള വ്യവസ്ഥയും ബില്ലിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.