തിരുവനന്തപുരം: എം.ബി.ബി.എസ് ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിന് ഓപ്ഷൻ സമർപ്പണം തുടങ്ങി. പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2023 മാനദണ്ഡപ്രകാരം എം.ബി.ബി.എസ് ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് www.cee.kerala.gov.in ൽ ജൂലൈ 31ന് രാവിലെ 10 വരെ ഓപ്ഷൻ സമർപ്പിക്കാം.
ഓപ്ഷൻ അടിസ്ഥാനമാക്കി ആഗസ്റ്റ് രണ്ടിന് വൈകീട്ട് താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റും മൂന്നിന് അന്തിമ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഫീസടച്ച് ആഗസ്റ്റ് നാല് മുതൽ എട്ടിന് വൈകീട്ട് നാല് വരെ പ്രവേശനം നേടാം.
പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മെന്റ് വിവരങ്ങൾക്ക് വെബ്സൈറ്റ് നിരന്തരം സന്ദർശിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ഫീസ് നിയന്ത്രണ-പ്രവേശന മേൽനോട്ടസമിതി ഫീസ് നിർണയം പൂർത്തിയാക്കാത്തതിനാൽ സ്വാശ്രയ മെഡിക്കൽ/ ഡെന്റൽ കോളജുകളിൽ പ്രവേശനം താൽക്കാലിക ഫീസ് ഘടനയിൽ. കഴിഞ്ഞവർഷത്തെ ഫീസ് ഘടനയാണ് താൽക്കാലിക ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
സമിതി തീരുമാനം വരുമ്പോൾ ഘടനയിൽ മാറ്റമുണ്ടെങ്കിൽ വർധിച്ച ഫീസ് നൽകേണ്ടിവരും. 6,67,3651 രൂപ മുതൽ 7,34,852 വരെയാണ് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലെ താൽക്കാലിക ഫീസ്. 15 ശതമാനം വരുന്ന എൻ.ആർ.ഐ ക്വോട്ട സീറ്റിൽ 20 ലക്ഷം രൂപയാണ് ഫീസ്.
കോളജ് തിരിച്ചുള്ള ഫീസ് പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3,30,940 രൂപയാണ് സ്വാശ്രയ ഡെന്റൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലെ താൽക്കാലിക ഫീസ്. ആറുലക്ഷം രൂപയാണ് എൻ.ആർ.ഐ ക്വോട്ട സീറ്റിലെ ഫീസ്. സർക്കാർ മെഡിക്കൽ കോളജുകളിൽ 23,150 രൂപയും സർക്കാർ ഡെന്റൽ കോളജുകളിൽ 20,840 രൂപയുമാണ് വാർഷിക ഫീസ്.
എം.ബി.ബി.എസ്/ ബി.ഡി.എസ് പ്രവേശനത്തിന് ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നവർ 5000 രൂപ ഫീസായി ഒടുക്കണം. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഈ തുക ട്യൂഷൻ ഫീസിൽ വകയിരുത്തി നൽകും. അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് തുക പിന്നീട് തിരികെ നൽകും. ഇതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെബ്സൈറ്റ് വഴി കൃത്യമായി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.