കണ്ണൂർ: ജില്ലയിൽ വരുംദിവസങ്ങളിൽ വേനല്‍ ശക്തിയായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഹീറ്റ് ഇൻഡക്സ് പ്രകാരം വരുംദിവസങ്ങളിൽ 40 മുതൽ 45 വരെ ഡിഗ്രി താപനില ഉയരുമെന്നാണ് കണക്കാക്കുന്നത്. കണ്ണൂർ ജില്ലയടക്കമുള്ള ഏഴു ജില്ലകളിൽ ശനിയാഴ്ച 38 ഡിഗ്രിക്കു മുകളിലാണ് താപനില രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു. 2019നു ശേഷം കേരളത്തിൽ ഇതാദ്യമായാണ് മാര്‍ച്ച് മാസത്തില്‍ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തുന്നത്.
കണ്ണൂരിനു പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവടങ്ങളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രത മുന്നറിയിപ്പുള്ളത്. ചൂടിനോടൊപ്പം തന്നെ അസ്വസ്ഥതയുമുള്ള കാലാവസ്ഥക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്. വേനല്‍ മഴ ആശ്വാസമാകുമെന്ന് കരുതിയെങ്കിലും ജില്ലയിൽ ഭൂരിഭാഗം ഇടങ്ങളിലും ലഭിച്ചില്ല.
മലയോരത്തെ ചിലയിടങ്ങളിൽ മാത്രമാണ് ചെറിയ രീതിയിലെങ്കിലും വേനൽ മഴ ലഭിച്ചത്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ഥാനാർഥികളുടെ പര്യടനങ്ങളും അതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും സജീവമാണ്. പ്രചാരണങ്ങളിലും ജാഗ്രത നിർദേങ്ങൾ പാലിക്കണം. രാഷ്ട്രീയ പാർട്ടികളുടെ റോഡ് ഷോ പോലുള്ള പൊതു പര്യടനങ്ങൾ പരമാവധി വൈകുന്നേരങ്ങളിലേക്ക് മാറ്റുക, പൊതു സമ്മേളനങ്ങളിൽ പന്തൽ, കുടിവെള്ളം ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.