കണ്ണൂർ: കണ്ണൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്രഖ്യാപനത്തോടെ ഒരേസമയം വിജയിച്ചതും പാളിയതും കെ. സുധാകരന്റെ തന്ത്രം. കെ.പി.സി.സി പ്രസിഡന്റ് പദവി നിലനിർത്തി മത്സരിക്കുകയെന്ന അദ്ദേഹത്തിന്റെ ലക്ഷ്യമാണ് ഒടുവിൽ വിജയം കണ്ടത്. എ.ഐ.സി.സി നേതൃത്വം നിർദേശിച്ചിട്ടും മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ചതിനുള്ള പ്രധാന കാരണമിതായിരുന്നു. ഒടുവിൽ ആക്ടിങ് പ്രസിഡന്റിനെ നിശ്ചയിച്ച് മത്സരാനുമതി ലഭിച്ചു. കണ്ണൂരിൽ സുധാകരൻ അല്ലാതെ മറ്റൊരാൾക്ക് മണ്ഡലം നിലനിർത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു നേതൃത്വം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും എ.ഐ.സി.സിയും ഇതേ നിലപാടാണ് ആദ്യംമുതൽ സ്വീകരിച്ചത്. മത്സരിക്കാനില്ലെന്ന് ദേശീയ നേതൃത്വത്തെ ആദ്യമായി അറിയിച്ചതും സുധാകരൻ തന്നെ. അതിനനുസരിച്ച് കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയും പുതിയയാളെ കണ്ടെത്താൻ സുധാകരൻ ഉൾപ്പെടുന്ന ഉപസമിതിയുമുണ്ടാക്കിയിരുന്നു.
അതേസമയം, കണ്ണൂരിലെ കോൺഗ്രസിൽ മൂന്നു പതിറ്റാണ്ടായി കെ. സുധാകരനുള്ള സ്വാധീനം അളക്കുന്നതുകൂടിയായി പുതിയ സാഹചര്യം. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുകയും പകരക്കാരനായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്തിനെ സ്ക്രീനിങ് കമ്മിറ്റി മുമ്പാകെ നിർദേശിക്കുകയും ചെയ്തതോടെയാണ് സുധാകരന്റെ നിലപാട് ചോദ്യം ചെയ്യപ്പെട്ടത്. കണ്ണൂർ മണ്ഡലത്തിലെ 15 ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരിൽ ഇരിട്ടി ഒഴികെ മുഴുവൻപേരും ആ നീക്കത്തെ എതിർത്തു. ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക് കത്ത് നൽകി. ജില്ലയിലെ കെ.പി.സി.സി ജനറൽ സെക്രട്ടറിയും എ.ഐ.സി.സി അംഗവും എതിർത്തു. ഒരു ഡി.സി.സി ജനറൽ സെക്രട്ടറി രാജിഭീഷണി മുഴക്കി. എതിർപ്പ് അറിയിച്ചവരെയെല്ലാം പങ്കെടുപ്പിച്ച് സുധാകരന്റെ വീട്ടിൽ യോഗം വിളിച്ചു. കെ. സുധാകരനില്ലെങ്കിൽ മറ്റൊരാളെ നിർദേശിക്കേണ്ടതില്ലെന്ന വികാരം അവിടെയും അവർ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.