കോഴഞ്ചേരി: കോഴഞ്ചേരിയിലെ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ പഠിക്കുന്ന വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അതേ സ്കൂളിലെ ഏഴ് വിദ്യാർഥികൾക്കെതിരെ കേസെടുത്തതായി ആറന്മുള പൊലീസ് അറിയിച്ചു. മർദിച്ച കുട്ടിയുടെയും കൂട്ടുകാരായ രണ്ടുപേരുടെയും ഒപ്പമുണ്ടായിരുന്ന നാല് പേരുടെയും പേരിലാണ് കേസെടുത്തത്.
മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഒന്നാംവർഷ വിദ്യാർഥിയാണ് സയൻസ് ഗ്രൂപ്പ് വിദ്യാർഥിയെ മർദിച്ചത്. സ്കൂളിന്റെ ശൗചാലയത്തിന് സമീപം നടന്ന സംഭവം മറ്റ് കുട്ടികൾ മൊബൈൽ ഫോണിൽ പകർത്തിയത് പുറത്താകുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ മുഖത്തും തലയ്ക്കും അടിക്കുകയും കാലുകൊണ്ട് അടിവയറ്റിൽ ചവിട്ടുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കുട്ടിയുടെ കൂട്ടുകാർക്ക് അയച്ചു കൊടുത്തു. കൂടെയുള്ളവർ മർദ്ദിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കേൾക്കാം.
ഇതിനിടെ വീഡിയോ റീൽ ആയും വാട്സാപ്പിലൂടെയും പ്രചരിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാൽ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടികാരണം കുട്ടി വീട്ടിൽ വിവരം പറഞ്ഞില്ല, എന്നാൽ സംഭവം അറിഞ്ഞ സ്കൂൾ അധികൃതർ പിതാവിനെ അറിയിച്ചു.
തലക്കും അടിവയറിനും ദേഹമാകെയും വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് കുട്ടിയെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച കുട്ടിയുടെ മാതാപിതാക്കളോട് മകന്റെ ടി.സി വാങ്ങി പോകണമെന്ന് സ്കൂൾ അധികൃതർ നിർദേശിച്ചു. മറ്റൊരു കുട്ടിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു.
കേസിൽ ഉൾപ്പെട്ട കുട്ടികളെയും അവരുടെ രക്ഷാകർത്താക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ശിശുസൗഹൃദ ഇടത്തിൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.