ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാനഡ ഇന്ത്യക്കെതിരെ അതി ഗുരുതരമായ ആരോപണങ്ങളുയർത്തുന്നത്. ആ രാജ്യത്തെ സിഖ് വിഘടന വാദികളെ ലക്ഷ്യമിട്ട് നടത്തുന്ന അതിക്രമങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും രഹസ്യ വിവര ശേഖരണത്തിനും പിന്നിൽ ഇന്ത്യൻ ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കനേഡിയൻ ഡെപ്യൂട്ടി വിദേശമന്ത്രി ഡേവിഡ് മോറിസൺ കനേഡിയൻ പാർലമെന്റിൽ പറഞ്ഞിരിക്കുന്നു. കാനഡയിൽ സിഖ് സമുദായ നേതാക്കൾക്കു നേരെ നടന്ന കൊലപാതകം അടക്കമുള്ള...
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാനഡ ഇന്ത്യക്കെതിരെ അതി ഗുരുതരമായ ആരോപണങ്ങളുയർത്തുന്നത്. ആ രാജ്യത്തെ സിഖ് വിഘടന വാദികളെ ലക്ഷ്യമിട്ട് നടത്തുന്ന അതിക്രമങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും രഹസ്യ വിവര ശേഖരണത്തിനും പിന്നിൽ ഇന്ത്യൻ ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കനേഡിയൻ ഡെപ്യൂട്ടി വിദേശമന്ത്രി ഡേവിഡ് മോറിസൺ കനേഡിയൻ പാർലമെന്റിൽ പറഞ്ഞിരിക്കുന്നു.
കാനഡയിൽ സിഖ് സമുദായ നേതാക്കൾക്കു നേരെ നടന്ന കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് വർമക്കും അദ്ദേഹത്തോടൊപ്പം ഓട്ടവയിലെ ഇന്ത്യൻ എംബസിയിൽ പ്രവർത്തിക്കുന്ന അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് പറഞ്ഞ് അവരെ നാടുകടത്തിയതിന്റെ അലയൊലികൾ കെട്ടടങ്ങുന്നതിന് മുമ്പാണ് നരേന്ദ്ര മോദിയുടെ വലംകൈയും കാബിനറ്റിലെ അതിശക്തനുമായ അമിത് ഷായെക്കുറിച്ച് കാനഡ ആരോപണം ഉയർത്തിയിരിക്കുന്നത്.
ആദ്യതവണ ഡൽഹിയിലെ കനേഡിയൻ എംബസിയിൽനിന്ന് ആറുപേരെ പുറത്താക്കിയാണ് ഇന്ത്യ പ്രതികരിച്ചതെങ്കിൽ ഇത്തവണ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇത്തരം ‘നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ ഉഭയകക്ഷി ബന്ധങ്ങളിൽ പ്രത്യാഘാതമുണ്ടാക്കുമെ’ന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അമിത് ഷാക്കെതിരായ ആരോപണം അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
കാനഡ ഇനിയും ഇത്തരം പണികൾ തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് ഇന്ത്യയുടെ താക്കീത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ രാജ്യം വിശ്വഗുരുവായെന്ന് ബി.ജെ.പി നടത്തുന്ന പ്രചാരണത്തിനിടയിലാണ്, അന്തർദേശീയതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനായി ഒരു വിദേശ രാജ്യം ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് ഇന്ത്യക്ക് വിളിച്ചുപറയേണ്ടി വന്നിരിക്കുന്നത്.
ഇന്ത്യക്കകത്ത് പല കേസുകളിലും വിവാദങ്ങളിലും കുടുങ്ങിയിട്ടുള്ള അമിത് ഷാ അന്തർദേശീയതലത്തിൽ ഒരു നയതന്ത്ര സംഘർഷത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്നത് ഇതാദ്യമാണ്. അതിനാൽ, ഇത്രയും ഗുരുതരമായ ആരോപണത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി കഴിഞ്ഞ നാലുദിവസമായി കാത്തുനിൽക്കുകയായിരുന്നു ഡൽഹിയിലെ മാധ്യമപ്രവർത്തകർ. അവരുടെ നിരന്തര അന്വേഷണങ്ങൾക്ക് ശേഷമാണ് ശക്തമായ ഭാഷയിൽ തയാറാക്കിയ മറുപടി ശനിയാഴ്ച വിദേശകാര്യ വക്താവ് നൽകിയത്.
കാനഡയാകട്ടെ, തങ്ങളുടെ മണ്ണിൽ സ്വന്തം പരമാധികാരത്തിനെതിരെ ഒരു വിദേശരാജ്യം നടത്തുന്ന പ്രവർത്തനമായാണ് ലോകരാജ്യങ്ങൾക്കു മുന്നിൽ വിഷയമവതരിപ്പിക്കുന്നത്. സിഖ് വിഘടനവാദികളെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ലക്ഷ്യമിടുന്നുണ്ടെന്ന് ആരോപിച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കും അന്വേഷണ ഏജൻസിയായ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിനും ഒരേ ഭാഷയാണ്.
ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളെ ഇതിനുപയോഗിച്ചുവെന്നാണ് കാനഡ പറയുന്നത്. 2023 ജൂൺ 18ന് കനേഡിയൻ പൗരനായ സിഖ് ആക്ടിവിസ്റ്റ് ഹർദീപ് സിങ് നിജ്ജറിനെ അജ്ഞാതർ കൊലപ്പെടുത്തിയതിന് ശേഷമുണ്ടായ അസ്വാരസ്യങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇത്രയും രൂക്ഷമായ ഒരു നയതന്ത്ര ഏറ്റുമുട്ടലിൽ കാര്യങ്ങളെത്തിച്ചത്.
കാനഡക്കെതിരെ സൈബർ ആക്രമണം നടത്താൻ സാധ്യതയുള്ള ശത്രുരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തുകയും ചെയ്തു അവർ. ഇന്ത്യ ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന സൈബർ ചാരന്മാരുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെയാണ് 2025 -26ലെ ദേശീയ സൈബർ ഭീഷണി കണക്കെടുപ്പിൽ (എൻ.സി.ടി.എ) കാനഡ സൈബർ ഭീഷണിയുണ്ടാകാൻ സാധ്യതയുള്ള ശത്രുരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയത്.
നിജ്ജർ വധത്തിൽ കാനഡയിൽ അറസ്റ്റിലായ നാല് ഇന്ത്യൻ പൗരന്മാർ വിചാരണ കാത്ത് കഴിയുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കുന്നില്ലെന്നാണ് കാനഡയുടെ പരാതി. എന്നാൽ, ഇന്ത്യൻ സ്ഥാനപതിയെന്ന നിലക്ക് താൻ അത്തരമൊന്ന് ചെയ്യില്ലെന്നും ഏത് കൊലപാതകവും തെറ്റും മോശവുമാണെന്നും താനതിനെ അപലപിക്കുന്നുവെന്നുമാണ് ആരോപണം നിഷേധിച്ച് സഞ്ജയ് കുമാർ വർമ പറഞ്ഞത്. അന്വേഷണത്തിനായി ഇന്ത്യ സന്ദർശിക്കാൻ കനേഡിയൻ പൊലീസ് ശരിയായ രീതിയിൽ ഇന്ത്യൻ വിസക്ക് അപേക്ഷിച്ചിരുന്നില്ലെന്നും വർമ പറയുന്നു.
ഇന്ത്യ -കാനഡ നയതന്ത്ര ഏറ്റുമുട്ടലിനിടയിൽ ആർ.എസ്.എസിനെയും അതിന്റെ പോഷക സംഘടനകളെയും വിദ്വേഷ തീവ്രവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കാനഡയിലെ 25 ദക്ഷിണേഷ്യൻ സമുദായ സംഘടനകൾ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ്. കാനഡയിൽ നടന്ന സിഖ് വിരുദ്ധ കലാപത്തിൽ ആർ.എസ്.എസിനെയും സംഘ്പരിവാറിനെയും ബന്ധിപ്പിക്കുന്ന 2023ലെ നാഷനൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉദ്ധരിച്ചാണ് തുറന്ന കത്ത്.
സിഖ് നേതാക്കൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരായ ഇന്ത്യൻ അധികാരികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിഖ് കൊയലീഷൻ, ന്യൂയോർക് സ്റ്റേ കൗൺസിൽ ഓഫ് ചർച്ചസ്, ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ഫോർ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് തുടങ്ങി 20 മനുഷ്യാവകാശ സംഘടനകൾ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും എഴുതിയിട്ടുണ്ട്.
നയതന്ത്ര സംഘർഷത്തിൽ കാനഡയുടെ പക്ഷം പിടിച്ച അമേരിക്ക നിജ്ജർ വധക്കേസ് അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന നിലപാടിലാണ്. ഇന്ത്യക്കും കാനഡക്കുമിടയിലുള്ള ഈ ബഹളത്തിനിടയിൽ അമേരിക്കൻ പൗരനായ സിഖ് വിഘടന വാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുനിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ മുൻ ഓഫീസർ വികാഷ് യാദവിനെതിരെ അമേരിക്ക കുറ്റം ചുമത്തിയത് കാനഡക്ക് ഇന്ധനമാകുകയും ചെയ്തു.
ബന്ധം വഷളാക്കുന്നതിന് ഇന്ത്യ ട്രൂഡോയെ മാത്രം കുറ്റപ്പെടുത്തുന്നതിനിടയിലാണ് കനേഡിയൻ പ്രതിപക്ഷ നേതാവ് ദീപാവലി ആഘോഷങ്ങൾ റദ്ദാക്കിയത്. രാഷ്ട്രീയമല്ലാത്ത ഉഭയകക്ഷി ബന്ധങ്ങളെ വിഷയം ബാധിക്കില്ലെന്നായിരുന്നു ഇന്ത്യ പറഞ്ഞിരുന്നതെങ്കിലും അവിടെനിന്നും കാര്യങ്ങൾ കൂടുതൽ വഷളായെന്നാണ് ഒടുവിലത്തെ പ്രതികരണത്തിൽനിന്നുതന്നെ വ്യക്തമാകുന്നത്. ഉപരിപഠനത്തിനും തൊഴിലിനും ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് പോകുന്നവർക്ക് ഈ നയതന്ത്ര സംഘർഷം വലിയ പ്രതിബന്ധമാകുന്നുണ്ടെന്നതാണ് സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.