ഇൻഡ്യയുടെ പഞ്ചഗുസ്തി

സ്ത്രീകൾമാത്രം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഏതെങ്കിലും രാജ്യമുണ്ടോ? പുരുഷന്മാരെല്ലാം നല്ലവരും വിശുദ്ധരുമായ ഒരു രാജ്യം? അതല്ലെങ്കിൽ പുരുഷന്മാർമാത്രം നിയമവിരുദ്ധമായതെല്ലാം ചെയ്തുകൂട്ടുന്ന ഒരു രാജ്യം ഭൂമുഖത്തുണ്ടോ? അങ്ങനെ ഒരവസ്ഥ ഒരിടത്തും ഒരു കാലത്തും ഇല്ല.

ഉണ്ടാകാനും പോകുന്നില്ല. എന്നാൽ, ഏതാണ്ട് അത്തരത്തിലൊന്നായി വരുന്നുണ്ട് ഇന്ത്യ. മനുഷ്യരിൽ സ്ത്രീയും പുരുഷനുമെന്നപോലെ, ജനാധിപത്യത്തിലെ പ്രധാന രണ്ടു വർഗങ്ങൾ ഭരണപക്ഷവും പ്രതിപക്ഷവുമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അവസ്ഥ നിരീക്ഷിച്ചാൽ പ്രതിപക്ഷ പാർട്ടികളും പ്രതിപക്ഷ ചിന്താഗതിക്കാരുമാണ് കൂട്ടത്തോടെ പ്രതിക്കൂട്ടിൽ.

അന്വേഷണ ഏജൻസികൾ വട്ടമിട്ടു മുറുക്കുന്നവരുടെ ഗണത്തിൽ ഭരണകക്ഷികളിൽപെട്ടവരോ, അവരെ പിന്തുണക്കുന്നവരോ ഇല്ല. കുറ്റകൃത്യങ്ങളിൽ കേന്ദ്രസർക്കാർ 100 ശതമാനം പ്രതിപക്ഷ സംവരണം ഏർപ്പെടുത്തിയ വേറെ ഏതെങ്കിലും രാജ്യമുണ്ടാകുമോ? ജീവനോടെ തീയിട്ടാലും ബുൾഡോസർ പ്രയോഗിച്ചാലും പശുഗുണ്ടകൾ തല്ലിക്കൊന്നാലും, അദാനി മുതലാളി വായ് പിളർന്ന് ഖജനാവ് മൊത്തമായി വിഴുങ്ങിയാലും കേസില്ല, എന്നല്ല തണലും താവളവും ലഭിക്കുകയും ചെയ്യും.

ഈ പണി അവസാനിപ്പിക്കണമെന്ന രക്തപ്രതിജ്ഞയോടെയാണ് ഇൻഡ്യ സഖ്യം പിറന്നത്. ഇറക്കിവിട്ടില്ലെങ്കിൽ 2024ൽ ഒറ്റക്കൊറ്റക്കല്ല, കൂട്ടത്തോടെ രക്തം ചിന്തേണ്ടിവരുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ മൊത്തമായ തിരിച്ചറിവ്. അതുകൊണ്ട് കേന്ദ്രഭരണത്തിലിരുന്ന് 10 വർഷമായി രാജ്യത്തെ കാർന്നു കാർന്നു കൊല്ലുന്നവരെ പുറന്തള്ളാൻ ഇൻഡ്യ പ്രസ്ഥാനത്തിലുള്ളവർ തമ്മിൽ തമ്മിൽ ചോരകൊടുക്കും, നീരു കൊടുക്കും; ജനത്തെ സംഘടിപ്പിക്കും.

അതിന്‍റെ സെമിഫൈനലാണ് നവംബറിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ. അവിടങ്ങളിലെ പൊരുത്തപ്പെടലിന്‍റെ തോതുവെച്ചാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ പ്രസ്ഥാനം കെട്ടുറപ്പിന്‍റെ അളവുകോൽ നിർമിക്കുക. ചോറിന്‍റെ വേവ് അറിയാൻ കലത്തിൽ തിളക്കുന്ന ഓരോ അരിയുമെടുത്ത് ഞെക്കി നോക്കേണ്ട.

ഇൻഡ്യ പ്രസ്ഥാനത്തിന്‍റെ ഉദാത്ത ലക്ഷ്യങ്ങളോടുള്ള ഹൃദയവിശാലത, കൊണ്ടുംകൊടുത്തും മുന്നോട്ടുപോകാനുള്ള മെയ് വഴക്കം എന്നിത്യാദിയെല്ലാം ഈ നിയമസഭ തെരഞ്ഞെടുപ്പിൽ തെളിഞ്ഞുവരും. ഇൻഡ്യയുടെ കാര്യം മാത്രമല്ല, ഓരോ പാർട്ടികൾക്കുള്ളിലും നടക്കുന്ന ഉന്തുതള്ളുകളുടെ ഊക്കും മറപൊളിച്ച് തെറിച്ചുവരും.

ഭരണപക്ഷത്തിന്‍റെ കാര്യത്തിലും അതങ്ങനെത്തന്നെയാണ്. പുറത്തേക്ക് തെറിക്കാതെ, മറക്കുള്ളിലിട്ട് അടിച്ചൊതുക്കാൻ അവിടെ മെയ്യഭ്യാസികൾ കൂടുതലുണ്ടെന്നുമാത്രം. ഇൻഡ്യ പ്രസ്ഥാനത്തോടുള്ള അക്ഷമ അരക്ഷണം മാറ്റിവെക്കണമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് തോന്നിയില്ല. മധ്യപ്രദേശിൽ വിട്ടുവീഴ്ചക്ക് തയാറാകാത്ത കോൺഗ്രസിനോടാണ് കലഹം.

യു.പിയിൽ കരുത്തരായ സമാജ് വാദി പാർട്ടി മധ്യപ്രദേശിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് രണ്ടാം സ്ഥാനത്ത് വന്നതാണ്. ഈ സീറ്റുകളിൽ കോൺഗ്രസ് സമാജ് വാദി പാർട്ടിയെ പിന്തുണക്കണം -അതായിരുന്നു അഖിലേഷിന്‍റെ നിലപാട്. അതിനു തയാറാകാതെ ആകെയുള്ള 230 സീറ്റിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഫലത്തിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും 33 സീറ്റിൽ ഏറ്റുമുട്ടും.

കോൺഗ്രസ് വഞ്ചിച്ചു, ഇങ്ങനെയെങ്കിൽ ഇൻഡ്യയിലേക്കില്ല, ലോക്സഭയിലേക്ക് മാത്രമായി സഖ്യം വേണ്ട എന്നിങ്ങനെയാണ് അഖിലേഷ് ഇപ്പോൾ പറയുന്നത്. മധ്യപ്രദേശിൽ തങ്ങളെ ഉൾക്കൊള്ളാൻ വയ്യാത്ത കോൺഗ്രസിനെ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് യു.പിയിലും കൂട്ടില്ല തന്നെ. ഇതൊക്കെ പറയുന്ന അഖിലേഷ്, കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോടും ഇടതു പാർട്ടികളോടും മറ്റും സ്വീകരിച്ച നയം എന്തായിരുന്നു? സമാജ് വാദി പാർട്ടിക്ക് ഭരണം പിടിക്കേണ്ടതാണ്.

മറ്റുള്ളവർക്ക് മത്സരിക്കാൻ സീറ്റ് വിട്ടുകൊടുത്ത് അധികാരം കൈവിട്ടുകളയാൻ പറ്റില്ലെന്നായിരുന്നു അഖിലേഷിന്‍റെ അന്നത്തെ വാദം. മധ്യപ്രദേശിൽ എത്തിയപ്പോൾ വാദം മറ്റൊന്നായി. ബി.ജെ.പിയും കോൺഗ്രസുമായി നേർക്കുനേർ മത്സരം നടക്കുന്ന മധ്യപ്രദേശിലെ അഞ്ചു സീറ്റിൽ ഇൻഡ്യ പ്രസ്ഥാനത്തിനു വേണ്ടിയൊരു വിട്ടുവീഴ്ചക്ക് ആരും തയാറായില്ല.

നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യ പ്രസ്ഥാനക്കാർക്കിടയിൽ സീറ്റ് പങ്കിടൽ നടപ്പില്ലെന്നും, ഈ പൊതുവേദി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തുരത്തുകയെന്ന പ്രധാന ആശയത്തിൽ ഊന്നിയാണ് നിൽക്കുന്നതെന്നും ശരദ് പവാർ അടക്കം മറ്റു നേതാക്കൾ വിശദീകരിക്കുന്നു.

അതനുസരിച്ചാണെങ്കിൽ, മധ്യപ്രദേശിൽനിന്ന് ദഹനക്കേടുമായി മടങ്ങിയ അഖിലേഷ് യാദവ് ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് യു.പിയിൽ അനുകമ്പ കാണിക്കുമെന്ന് പ്രതീക്ഷിക്കണം. ഇൻഡ്യ പ്രസ്ഥാനം വന്നതോടെ ആം ആദ്മി പാർട്ടിയും കോൺഗ്രസുമായുള്ള അകലം കുറഞ്ഞു വരുന്നതായി കണ്ടുതുടങ്ങിയതിനിടയിലാണ് ആപ് മിസോറമിൽ പോയി ശക്തി പരീക്ഷിക്കുന്നത്.

രാജസ്ഥാനിൽ മറ്റൊരു സ്ഥിതിയാണ്. ഇൻഡ്യ പ്രസ്ഥാനത്തിന്‍റെ ഭാഗമല്ലാത്ത മായാവതിയുടെ ബി.എസ്.പിയും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും വാശിയോടെ കളത്തിലുണ്ട്. ഇതൊക്കെയും ആർക്കാണ് കൂടുതൽ പരിക്കേൽപിക്കുക എന്ന ചോദ്യത്തിന്, ബി.ജെ.പിക്കാവില്ല എന്നതാവും ശരിയായ ഉത്തരം.

അതാതു പാർട്ടികൾക്കുള്ളിലുണ്ടോ, ഒത്തൊരുമ? ‘താൻ കസേര വിടുന്നില്ല’ എന്ന പ്രഖ്യാപനത്തോടെ രാജസ്ഥാനിൽ നാലാമൂഴത്തിന് മുന്നിലിറങ്ങിയിരിക്കുന്ന അശോക് ഗെഹ്ലോട്ട്, കോൺഗ്രസിൽ ജനസ്വീകാര്യതയുള്ള തൊട്ടടുത്ത നേതാവായ സചിൻ പൈലറ്റിനും ഒപ്പമുള്ളവർക്കും നൽകുന്ന സന്ദേശമെന്താണ്?

അതായത്, ഇൻഡ്യ പ്രസ്ഥാനത്തിന്‍റെ ഇച്ഛാശക്തിക്ക് പാർട്ടികൾ തമ്മിലും പാർട്ടികൾക്കുള്ളിലുമുള്ള പ്രശ്നങ്ങൾ ഇടങ്കോലിടുന്നുണ്ട്. അത് ഏറിയും കുറഞ്ഞും തുടർന്നുവെന്നും വരും. ദേശീയതലത്തിൽ സീറ്റു ധാരണ ചർച്ച, കൺവീനർ തുടങ്ങിയ ക്രമപ്രശ്നങ്ങളിലേക്ക് എത്തിയപ്പോൾ തുടക്കത്തിലെ ഊർജവും പ്രസരിപ്പും ഒരു പടി കുറഞ്ഞുവെന്നാണ് കാണാൻ കഴിഞ്ഞത്.

നിയമസഭ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ് ലോക്സഭ തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ വർധിത വീര്യം ഉണ്ടാകുമെന്നാണ് കരുതേണ്ടത്. അപ്പോഴും സീറ്റുധാരണകൾ എത്രത്തോളം വലിയ കീറാമുട്ടിയാവും എന്നതിന്‍റെ സൂചനകൾ കൂടിയാണ് മധ്യപ്രദേശിൽനിന്നും മറ്റുമായി പുറത്തുവരുന്നത്. കോൺഗ്രസും ബി.ജെ.പിയും അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും നേരിട്ട് ഏറ്റുമുട്ടുന്ന ഈ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യ പ്രസ്ഥാനത്തിന് വലിയ റോളില്ല.

എന്നിട്ടും അപസ്വരം ഉയർന്നു. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ജയപരാജയങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള മൂഡ് നിർമിച്ചെടുക്കുന്നതിൽ പ്രധാനമാണെന്നിരിക്കേ, അതിനു തക്കവിധം കോൺഗ്രസിനെ സഹായിക്കുകയെന്ന ദൗത്യം നിർവഹിക്കാൻ ഇൻഡ്യ പ്രസ്ഥാന ബന്ധുക്കൾ സഹായിക്കുന്നുണ്ടോ, അവരെ ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ കോൺഗ്രസ് തയാറായോ എന്നിവയാണ് കാതലായ ചോദ്യങ്ങൾ. അവിടെയാണ് മധ്യപ്രദേശിലെ മുറുമുറുപ്പ് പ്രസക്തമാകുന്നത്.

ഇതിനെല്ലാമിടയിലും, വോട്ടെടുപ്പു ഭൂമികളിൽ സ്പന്ദനം ബി.ജെ.പിക്ക് എതിരാണ്. ഇൻഡ്യ പ്രസ്ഥാനത്തിന്‍റെ കെട്ടുറപ്പിനേക്കാൾ, ജനവികാരവും സ്വന്തം പാളയത്തിലെ സാഹചര്യങ്ങളുമാണ് ബി.ജെ.പിയെ വിയർപ്പിക്കുന്നത്. മധ്യപ്രദേശിൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിക്ക് വീണുകിട്ടിയ ജ്യോതിരാദിത്യ സിന്ധ്യയുടെയോ, മൂന്നാമൂഴം പിന്നിട്ടതിന്‍റെ ഭരണവിരുദ്ധ വികാരം നേരിടുന്ന ശിവരാജ്സിങ് ചൗഹാന്‍റെയോ കൈയിൽ മാന്ത്രിക വടിയില്ല.

രാജസ്ഥാനിൽ അകറ്റിനിർത്തിയിരിക്കുന്ന വസുന്ധര രാജെയും, കേന്ദ്രനേതാക്കൾ കളത്തിലിറക്കിയിരിക്കുന്ന കേന്ദ്രമന്ത്രിമാരും രണ്ടു ധ്രുവങ്ങളിലാണ്. ഛത്തിസ്ഗഢിൽ ഭരണം തിരിച്ചുപിടിക്കാൻ പോന്ന നേതാക്കളും സന്നാഹങ്ങളുമില്ല. തെലങ്കാനയുടെയും ഭാരത് രാഷ്ട്ര സമിതിയുടെയും സ്ഥാപക നായകന് അടിതെറ്റുമ്പോൾ ബി.ജെ.പിയേക്കാൾ കൂടുതൽ മുതലാക്കുന്നത് കോൺഗ്രസാണ്.

മിസോ നാഷനൽ ഫ്രണ്ടിനെയോ കോൺഗ്രസിനെയോ തള്ളിമാറ്റി മുന്നിലെത്താൻ മിസോറമിൽ ബി.ജെപിക്ക് കഴിയുകയുമില്ല. നരേന്ദ്ര മോദിയുടെ വിശ്വാസ്യത എന്നത്തേക്കാൾ ഇടിഞ്ഞുനിൽക്കുന്ന നിലവിലെ ചുറ്റുപാടുകളിൽ വോട്ടു റാഞ്ചാനുള്ള അദ്ദേഹത്തിന്‍റെ റാകിപ്പറക്കലുകൾ അസാധാരണ ഫലം നൽകാനും ഇടയില്ല. എന്നാൽ, വോട്ടുവിഭജനത്തിന്‍റെ അസാധാരണ നീക്കങ്ങൾ, അത് പ്രവചനങ്ങൾക്ക് അതീതമാണ്.   

Tags:    
News Summary - India-Panchagusti-five states-Assembly Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.