പതിറ്റാണ്ടുകളായി കേരളം കണ്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തിെൻറ കഥ ഇങ്ങനെ സംഗ്രഹിക്കാം. ഒരു കൂട്ടർക്ക് അതിവേഗം ബഹുദൂരം പോകണം. മറ്റേ കൂട്ടർക്ക് അതിലും വേഗം അതിലും ദൂരം പോകണം. ഇരു കൂട്ടർക്കും പണം ഒരു പ്രശ്നമല്ല. കാരണം, എത്ര കോടി വേണമെങ്കിലും കടം കൊടുക്കാൻ ആളുണ്ട്. ദീർഘകാല വായ്പയാണ്. അതായത് തിരിച്ചുകൊടുക്കേണ്ടത് കടം വാങ്ങുന്നവരല്ല. പിന്നാലെ വരുന്ന തലമുറയാണ്. അതിവേഗ െറയിലിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിട്ടാണ് എൽ.ഡി. എഫ് സർക്കാർ തുടർ ഭരണത്തിന് ശ്രമം തുടങ്ങിയത്. കമ്പനി തയാർ. അതിൽ കേന്ദ്രവുമുണ്ട്. പദ്ധതി നടത്തിപ്പിന് ചുക്കാൻപിടിക്കാൻ പരിചയ സമ്പന്നനായ ആളെ കിട്ടി.
പ്രതീക്ഷിച്ച ഭരണത്തുടർച്ചയും. പുതുപുത്തൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം കഴിഞ്ഞപ്പോൾതന്നെ ദൂരെ അതിവേഗ റെയിലിെൻറ ഇരമ്പലും കേട്ടുതുടങ്ങി. ഇനി കുറെ പാവങ്ങളുടെ വീടും പറമ്പും അതിവേഗം ഒഴിപ്പിച്ചെടുക്കണം. പല പദ്ധതികളും സമയത്ത് സ്ഥലം ഏറ്റെടുത്ത് നടപ്പാക്കാൻ കഴിയാത്തത് വികസനം എന്താണെന്നറിയാത്ത ബുദ്ധിരഹിതർ കിടപ്പാടം വിട്ടുകൊടുക്കാതെ തടസ്സം നിൽക്കുന്നതുകൊണ്ടാണ്. അത്തരം സാഹചര്യങ്ങൾ മറികടക്കാൻ സർക്കാറുകൾ പതിവായി ചെയ്യുക ദണ്ഡു പ്രയോഗമാണ്. ഇത്തവണ അതുമാറ്റി സാമദാനഭേദമുറകൾ ആ മുറക്ക് പ്രയോഗിക്കാനാണത്രെ തീരുമാനം.
കിടപ്പാടം നഷ്ടപ്പെടുന്നവരെ അവർക്ക് തൃപ്തികരമായ രീതിയിൽ പുനരധിവസിപ്പിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം സ്വാഗതാർഹമാണ്. എല്ലാ സർക്കാറുകളും ഇത് മാതൃകയാക്കട്ടെ. പേക്ഷ, ഈ അതിവേഗ റെയിൽ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ അവരെ മാത്രം തൃപ്തിപ്പെടുത്തിയാൽ പോരാ. പദ്ധതി കേരളത്തിലെ ആവാസ വ്യവസ്ഥയെ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കുമെന്നും നിർദിഷ്ട റെയിൽപാതക്കരികിൽ താമസിക്കുന്നവരെ മാത്രമല്ല, സംസ്ഥാനത്തിെൻറ നിലനിൽപിനെതന്നെ അപകടത്തിലാക്കുമെന്നും കരുതുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ട്. അവരുടെ ആശങ്കകൾ അകറ്റാനുള്ള ബാധ്യതയും സർക്കാറിനുണ്ട്.
നാലു മണിക്കൂറിൽ കാസർകോടുനിന്ന് തിരുവനന്തപുരത്ത് എത്താനാകണമെന്ന ചിന്ത ചില മനസ്സുകളിൽ കടന്നുകൂടിയിട്ട് കുറച്ചുകാലമായി. പതിവായി ഭരണമാറ്റം നടന്നിരുന്ന കാലഘട്ടത്തിൽ റോഡ് മാർഗമോ റെയിൽ മാർഗമോ ഇത് സാധ്യമാക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ നടന്നിരുന്നു. കാസർകോടുനിന്ന് നാലു മണിക്കൂറിൽ തലസ്ഥാനത്തെത്തുകയെന്നാൽ കണ്ണൂരിൽനിന്നും കോഴിക്കോടു നിന്നും അതിലും ചുരുങ്ങിയ സമയത്തിൽ എന്നും അർഥമുണ്ട്. ഈ നഗരങ്ങളിൽനിന്നൊക്കെ ഓരോരോ ആവശ്യങ്ങൾക്ക് തിരുവനന്തപുരത്ത് പോകുന്നവരുണ്ടാകും. പേക്ഷ, അത് നാലു മണിക്കൂറിലോ അതിലും കുറഞ്ഞ സമയത്തിലോ എത്തേണ്ട എത്ര പേരുണ്ടാകും?
ഒരു ചെറിയ ബാഗിൽ അടുത്ത ദിവസം ധരിക്കാനുള്ള വസ്ത്രങ്ങളുമായി വൈകീട്ടത്തെ വണ്ടിയിൽ കയറിയാൽ രാവിലെ തിരുവനന്തപുരത്തെത്തി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ട് അടുത്ത ദിവസം വൈകീട്ടത്തെ വണ്ടിയിൽ മടങ്ങാം. പേക്ഷ, അതിലും വേഗം യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുണ്ടാകും. അതിനായി കൂടുതൽ പണം നൽകാനും അവർ തയാറാവും. അവർക്കായി യാത്രാസൗകര്യം ഒരുക്കുന്നതിന് സമൂഹം നൽകേണ്ടി വരുന്ന വിലകൂടി കണക്കിലെടുത്തു കൊണ്ടാകണം പദ്ധതിയുടെ ലാഭനഷ്ടക്കണക്ക് തയാറാക്കുന്നത്.
അടുത്ത കാലത്ത് നേരിട്ട രണ്ട് മനുഷ്യനിർമിത ദുരന്തങ്ങളെ വകമാറ്റി പ്രകൃതിയുടെ കണക്കിൽ എഴുതിക്കൊണ്ടാണ് സർക്കാർ കൂടുതൽ വിനാശകരമായ അതിവേഗ റെയിൽ പദ്ധതി ഏറ്റെടുക്കുന്നത്. പരിസ്ഥിതിവാദികളുടെ എതിർപ്പ് ലഘൂകരിക്കാനായി പദ്ധതിരേഖകളിൽനിന്ന് 'അതിവേഗ' എന്ന വിശേഷണം ഒഴിവാക്കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാനായി രൂപവത്കരിച്ച കമ്പനിയുടെ വെബ്സൈറ്റിൽ 'അർധ അതിവേഗ' റെയിൽ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. പഞ്ചസാര നിറച്ച കുപ്പിയുടെ പുറത്ത് ഉപ്പ് എന്നെഴുതിവെച്ചാൽ സാക്ഷരത നേടിയ ഉറുമ്പുകൾ വഴിമാറിപ്പോകുമായിരിക്കും. അങ്ങനെയൊരു വകതിരിവ് ആഞ്ഞടിക്കുന്ന ദുരന്തങ്ങളിൽനിന്ന് പ്രതീക്ഷിക്കരുത്. ലേബൽ മാറ്റി അവയെ പറ്റിക്കാനാവില്ല.
കേരള ജനതയുടെ അഭിലാഷത്തിന് അനുസൃതമായ അർധ അതിവേഗ റെയിൽപാത നിർമിക്കാൻ പോകുന്നെന്നാണ് കമ്പനിയുടെ അവകാശവാദം. എങ്ങനെയാണ് അവർ ജനങ്ങളുടെ അഭിലാഷം കണ്ടുപിടിച്ചതെന്ന് വ്യക്തമല്ല. പ്രളയപാഠം പഠിച്ചില്ലെങ്കിൽ പോകട്ടെ, ദിവസങ്ങൾക്കുമുമ്പ് മാത്രം തീരദേശവാസികൾ നേരിട്ട കടലാക്രമണത്തിെൻറ പാഠമെങ്കിലും സർക്കാർ മനസ്സിരുത്തി പഠിക്കണം. ഇപ്പോഴത്തെ രൂക്ഷമായ കടലാക്രമണത്തിെൻറ ഒരു കാരണം അദാനി ഗ്രൂപ് വിഴിഞ്ഞത്ത് നടത്തുന്ന അന്താരാഷ്ട്ര തുറമുഖ നിർമാണ പ്രവർത്തനമാണെന്നു ചില വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കൂറ്റൻ കപ്പലുകളിൽ കൊണ്ടുവരുന്ന വസ്തുക്കൾ ഇറക്കാനുള്ള സൗകര്യം നമ്മുടെ തുറമുഖങ്ങളിൽ ഇല്ലാത്തതുകൊണ്ട് കൊളംബോയിലോ മറ്റിടങ്ങളിലോ ഇറക്കിയശേഷം ചെറിയ കപ്പലുകളിൽ ഇന്ത്യയിൽ കൊണ്ടുവരുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഈ സ്ഥിതി അവസാനിപ്പിക്കാൻ പുതിയ തുറമുഖം ഉണ്ടായേ മതിയാകൂ. ഭൂമിശാസ്ത്രപരമായി അതിന് അനുയോജ്യമായ സ്ഥലമാണ് വിഴിഞ്ഞമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം, കേരളത്തിെൻറ തീരപ്രദേശം സംരക്ഷിച്ചുകൊണ്ടാവണം അത് പണിയുന്നത്. അദാനിയോടും കേന്ദ്ര സർക്കാറിനോടുമൊപ്പം കേരള സർക്കാറും തുറമുഖ നിർമാണ കമ്പനിയിൽ ഓഹരിയുടമയാണ്. ആ നിലക്ക് നിർമാണ പ്രവർത്തനം സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യങ്ങളെ ഹനിക്കില്ലെന്ന് ഉറപ്പാക്കാൻ സർക്കാറിന് കഴിയേണ്ടതാണ്.
കേരളത്തിെൻറ തീര പ്രദേശത്തുനിന്ന് മലമ്പ്രദേശം വരെയുള്ള കൂടിയ ദൂരം 100 കി ലോമീറ്ററേയുള്ളൂ. അതിനിടയിൽ ചിലയിടങ്ങളിൽ തെക്ക്-വടക്കായി കിടക്കുന്ന രണ്ട് ഹൈവേകളുണ്ട്. അവയുടെ വീതി കൂട്ടാനുള്ള പദ്ധതികളുമുണ്ട്. ഈ പ്രദേശത്തുകൂടിയാണ് പുതിയ റെയിൽപാത ഇടാൻപോകുന്നത്. ചിലയിടങ്ങളിൽ തീരദേശത്തുകൂടിയും ചിലയിടങ്ങളിൽ മലയോരത്തിനടുത്തുകൂടിയും മറ്റു ചിലയിടങ്ങളിൽ ഇവക്കിടയിലുള്ള സമതലത്തിലൂടെയുമാണ് അത് ഓടുക. പരിസ്ഥിതി നശിപ്പിച്ച് ജനജീവിതം തകിടംമറിച്ച് വലിയ നാശം വിതക്കാനിടയുള്ള ഈ പരിപാടി കേരള സർക്കാർ അവധാനതയോടെ പുനഃപരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.