"നല്ല രാഷ്ട്രീയഭാവിയുള്ള യുവാവിന് സര്‍വകലാശാല അധ്യാപകനിയമനത്തിന് യു.ജി.സി യോഗ്യതകളുള്ള യുവതികളില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു (യോഗ്യതയുടെ കാര്യത്തില്‍ ചില്ലറ അഡ്ജസ്റ്റ്മെൻറുകള്‍ സാധ്യമാണ്).
ഇങ്ങനെയൊരു വിവാഹപ്പരസ്യം നിങ്ങള്‍ ഏതെങ്കിലും പത്രത്തില്‍ കണ്ടുവോ?
ഇല്ല? ഞാനും ഇങ്ങനെയൊരു പരസ്യം കണ്ടിട്ടില്ല. സമീപകാല സര്‍വകലാശാല നിയമന വിവാദങ്ങളിൽ, ഇങ്ങനെ വിവാഹങ്ങള്‍ നടക്കുന്നുണ്ടോ എന്ന സംശയം മനസ്സിലുയര്ത്തിയതുകൊണ്ട് ചോദിച്ചതാണ്. അത് നമുക്കങ്ങ് വിടാം. പത്രപ്പരസ്യങ്ങളിലൂടെ മാത്രമല്ലല്ലോ ഭാര്യാഭര്ത്താക്കന്മാര് അന്യോന്യം കണ്ടെത്തുന്നത്.
വിവാദ നിയമനങ്ങളിലെ ചില ഘടകങ്ങളാണ് സംശയത്തിനാധാരം. നിയമനം നേടിയ പലരും സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ ആയിരുന്നില്ല. അവസാനഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാരെ മറികടന്ന് അവര്‍ ജോലി നേടുന്നു. ഇൻറര്‍വ്യൂവിലെ ഉയര്‍ന്ന മാര്‍ക്കുകളാണ് മറികടക്കല്‍ സാധ്യമാക്കുന്നത്. ഇൻറര്‍വ്യൂ ബോര്‍ഡില്‍ നിയമിക്കപ്പെടുന്നയാള്‍ പഠിപ്പിക്കേണ്ട വിഷയത്തില്‍ പ്രാവീണ്യമുള്ളവരുണ്ടാകും. ചിലയിടങ്ങളില്‍ അവിദഗ്ധര്‍ ഒറ്റക്കെട്ടായിനിന്ന് വിദഗ്ധരെ തോൽപിച്ചാണ് മൂന്നാം റാങ്കുകാരെ മുകളിലെത്തിക്കുന്നത്.
ഈ നിയമനങ്ങളിലെല്ലാം ഒരു അപൂര്‍വ യാദൃച്ഛികത കൂടിയുണ്ട്. അത് നിയമനം ലഭിച്ച മിടുക്കി ഒരു യുവനേതാവിെൻറ ഭാര്യയാണെന്നതാണ്. നിയമനം വിവാദമാകുമ്പോള്‍ പാര്‍ട്ടി ഒരു ചോദ്യം ചോദിക്കും: നേതാവിെൻറ ഭാര്യയെന്നത് അയോഗ്യതയാണോ? ഇത്തരം മിടുക്കന് ചോദ്യങ്ങളുയര്‍ത്തി കൊലപാതകത്തെ വരെ പ്രതിരോധിച്ച പാരമ്പര്യമുള്ള നാടാണിത്. ഉപതെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ അങ്ങനെ ചെയ്യുമോ എന്നതായിരുന്നല്ലോ ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടപ്പോള്‍ കേട്ട ചോദ്യം. ഏതായാലും യോഗ്യതയെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. നേതൃപത്നിയാണെന്നത് അയോഗ്യതയല്ല. അതൊരു അധിക യോഗ്യതയുമല്ല.
ദീര്‍ഘകാലമായി കേരളം തൊഴിലന്വേഷകരുടെ നാടാണ്. ഭരണാധികാരികള്‍ വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതിരുന്നതുകൊണ്ടും ചില വിഭാഗങ്ങള്‍ക്കെതിരെ ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിച്ചിരുന്നതുകൊണ്ടും നൂറുകൊല്ലക്കാലം ധാരാളം പേര് രാജ്യത്തെ ഇതര പ്രദേശങ്ങളിലും വിദേശനാടുകളിലും പോയി തൊഴില്‍ കണ്ടെത്തി.
അടുത്ത ഒന്നാം തീയതി മുതല്‍ തിരുവനന്തപുരത്തുനിന്ന് ടിംബക്ടുവിലേക്ക് ഒരു പ്രതിദിന ട്രെയിനുണ്ടെന്ന് കേട്ടാല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അവിടെ പോയി ജോലി കിട്ടുമോ എന്നന്വേഷിക്കാന്‍ ചിലര്‍ ഇപ്പോഴും തയാറായെന്നിരിക്കും. അത്രമാത്രം ഗുരുതരമാണ് കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നം.
പല പഠനങ്ങളിലും കേരളം ഇന്ത്യയിലെ നമ്പര്‍ വൺ സംസ്ഥാനമാണല്ലോ. അതിലൊന്ന് യുവാക്കളിലെ തൊഴിലില്ലായ്മയുടെ പട്ടികയാണ്. സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച കണക്കനുസരിച്ച് 2018-19 കാലത്ത് സംസ്ഥാനത്ത് 30 വയസ്സിൽ താഴെയുള്ളവരിൽ തൊഴിലില്ലായ്മ നിരക്ക് 36 ശതമാനത്തോളമായിരുന്നു. ദേശീയ ശരാശരി 17 ശതമാനവും. ഏറ്റവും ഒടുവിലത്തെ കണക്കുകളനുസരിച്ച് യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 40.5 ശതമാനമായി ഉയര്‍ത്തി കേരളം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ദേശീയ ശരാശരി പകുതിക്ക് താഴെയും.
മാവുങ്കലിനെ പോലുള്ളവര്‍ പുതിയ സാധ്യതകള്‍ ആരായുംമുമ്പ് തൊഴില്‍ വാഗ്ദാനമായിരുന്നു കേരളത്തിലെ ഏറ്റവും മികച്ച കബളിപ്പിക്കല്‍ പരിപാടി. എസ്.എസ്.എല്‍.സി പരീക്ഷക്ക് ഒരാഴ്ചമാത്രം ബാക്കിയുള്ളപ്പോള്‍ അതെഴുതാതെ 5000 രൂപ കൊടുത്താല്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ ഒരാളോടോപ്പം ഇറങ്ങിത്തിരിച്ച് കബളിപ്പിക്കപ്പെട്ട ഒരു ബാലനെ 1965ല്‍ ഡല്‍ഹിയില്‍ കാണാനിടയായി. "പരീക്ഷ എഴുതിയിട്ട് നാട് വിട്ടാല്‍ പോരായിരുന്നോ?" എന്ന എെൻറ ചോദ്യത്തിനുള്ള അവെൻറ മറുപടി ഒരു മറുചോദ്യമായിരുന്നു: "അപ്പോള്‍ സാറ് ജോലി വാങ്ങിത്തരുമായിരുന്നോ?"
തൊഴില്‍രംഗത്ത് മുന്‍കാലത്ത് നിലനിന്നിരുന്ന ജാതീയ വിവേചനം എല്ലാ ജോലികളും ചില വിഭാഗങ്ങള്‍ക്കായി പരിമിതപ്പെടുത്തുന്ന ഒരു ഫ്യൂഡല്‍ പദ്ധതിയുടെ ഭാഗമായിരുന്നു. അതിന് പരിഹാരമായാണ് സംവരണം ഉണ്ടായത്. ഇപ്പോള്‍ സര്‍ക്കാര്‍, സര്‍വകലാശാലകള്‍ എന്നിങ്ങനെയുള്ള പല മേഖലകളിലും പ്രകടമാകുന്ന, രാഷ്ട്രീയബന്ധമുള്ളവര്ക്കനുകൂലമായ വിവേചനത്തെയും ഫ്യൂഡല്‍ പദ്ധതിയായിത്തന്നെ കാണണം. രണ്ടും സ്വജനപക്ഷപാതപരമായ പദ്ധതതികളാണ്. രണ്ടും സമത്വത്തിെൻറ നിരാകരണമാണ്. വിപ്ലവത്തിലൂടെ സമത്വസുന്ദര കേരളം സൃഷ്ടിക്കാനിറങ്ങിയ പ്രസ്ഥാനം ഫ്യൂഡല്‍ രീതിയിലുള്ള തൊഴില്ദാനത്തിലെത്തിനില്ക്കുന്ന അസുലഭ കാഴ്ചക്കാണ് പുതിയ തലമുറ സാക്ഷ്യംവഹിക്കുന്നത്.
കേരളത്തിലെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകള്‍ വഴി ഒരു കൊല്ലത്തില്‍ ജോലികിട്ടുന്നത് ഏതാണ്ട് 12,000 പേര്‍ക്കാണ്. പിന്‍വാതില്‍ നിയമനങ്ങളാണ് ഭരണകര്‍ത്താക്കള്‍ക്കും അനുയായികള്‍ക്കും പ്രിയങ്കരം. അതിെൻറ കാരണങ്ങളറിയാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല.
മത്സരപ്പരീക്ഷ എഴുതി പബ്ലിക് സര്‍വിസ് കമീഷെൻറ റാങ്ക് ലിസ്റ്റില്‍ കടന്നുകൂടിയവര്‍ നിയമന ഉത്തരവ് കാത്തിരിക്കെ താല്‍ക്കാലിക പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടക്കുന്നു. മുന്‍ വർഷങ്ങളില്‍ ആ വാതിലിലൂടെ അകത്ത് കടന്നവരുടെ ജോലി സ്ഥിരപ്പെടുത്തുന്നു. അതിനിടെ റാങ്ക് ലിസ്റ്റുകള്‍ കാലഹരണപ്പെടുന്നു. അതിലെ പേരുകാർ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിനെത്തുന്നു.
പി.എസ്.സിയിലും നവ വിപ്ലവത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ നടക്കുന്ന ലക്ഷണമുണ്ട്. ഒരു കാമ്പസിൽ നടന്ന മാരകമായ അക്രമത്തെ തുടര്‍ന്ന് പൊലീസ് പിടിയിലായ രണ്ടുപേര്‍, പൊലീസ് നിയമനത്തിന് പി.എസ്.സി തിരഞ്ഞെടുത്തവരുടെ ലിസ്റ്റില്‍, ഇൻറര്‍വ്യൂ മാര്‍ക്കുകളുടെ ബലത്തില്‍, ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടിയവരായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പി.എസ്.സി നിയമനം കിട്ടിയ ഒരാളുടെ ജോലി തട്ടിയെടുക്കാന്‍ ഒരു കുബുദ്ധി നടത്തിയ ശ്രമം ഈയിടെ പുറത്തുവരുകയുണ്ടായി. തനിക്ക് ജോലി വേണ്ടെന്നുകാണിച്ച് പി.എസ്.സിക്ക് ഉദ്യോഗാർഥിയുടെ പേരില്‍ ഒരു കത്ത് കിട്ടി. അതെഴുതിയത് ഉദ്യോഗാർഥി ആയിരുന്നില്ല, അതേപേരുള്ള മറ്റൊരാളായിരുന്നു! നിയമനകാര്യത്തില്‍ എന്താണ് നടക്കുന്നതെന്ന് നിരീക്ഷിച്ചുകൊണ്ടിരുന്നതുകൊണ്ട് ആ ദുഷ്ടത്തരം യഥാസമയം കണ്ടെത്താനും തടയാനും കഴിഞ്ഞു. അല്ലായിരുന്നെങ്കില്‍ പി.എസ്.സി അവരെ ഒഴിവാക്കി ലിസ്റ്റിലെ അടുത്തയാള്‍ക്ക് നിയമനം നല്‍കുമായിരുന്നു.
ഇതൊരു ചെറിയ, ചില്ലറ ദുഷ്ട പരിപാടി മാത്രമായിരുന്നു. ഒരു വലിയ മൊത്ത ദുഷ്ടത്തരത്തിെൻറ വിവരങ്ങളും പൊതുമണ്ഡലത്തിലുണ്ട്.
കേരള സര്‍വകലാശാല അസിസ്റ്റൻറുമാരെ നിയമിക്കാനായി മത്സരപ്പരീക്ഷ നടത്തി. 40,000ൽപരം പേര് പരീക്ഷ എഴുതി. നിയമനം കിട്ടിയവരില്‍ ഏറെയും ഒരു പാര്‍ട്ടിയുടെ നേതാക്കളുടെ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഒരാള്‍ ലോകായുക്തയെ സമീപിച്ചു. ക്രമക്കേട് നടന്നതായി ആ സംവിധാനം കണ്ടെത്തി. പക്ഷേ, അതിനോ ഹൈകോടതിക്കോ ക്രമക്കേട് നടത്തിയവരെ കണ്ടെത്താനായില്ല. ആ ദുഷ്ടന്മാര് മത്സരപ്പരീക്ഷയെഴുതിയവരുടെ 40,000ൽപരം ഉത്തരക്കടലാസുകള്‍ സമർഥമായി മൊത്തത്തില്‍ അപ്രത്യക്ഷമാക്കിയിരുന്നു.
ഇത്തരം വന്‍ ദുഷ്ടത്തരങ്ങള്‍ മലയാളക്കരയില്‍ പണ്ടും നടന്നിട്ടുണ്ടാകണം. അതുകൊണ്ടാകാം ഒരു പഴയ ഫ്യൂഡല്‍കാല കവി സത്യധർമാദികള്‍ വെടിഞ്ഞീടിന പുരുഷനെ ക്രൂധനാം സര്പ്പത്തേക്കാളേറ്റം ഭയപ്പെടണം എന്നുപദേശിച്ചത്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.