ഹൈദരാബാദിലെ വ്യാപാരിയിൽനിന്ന് 65 ലക്ഷം രൂപ തട്ടി; മലയാളി യുവാവും പങ്കാളിയും അറസ്റ്റിൽ

ബംഗളൂരു: മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഹൈദരാബാദിലെ വ്യാപാരിയിൽനിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മലയാളി യുവാവും പങ്കാളിയും അറസ്റ്റിൽ. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂർ അത്താണി സ്വദേശിയുമായ സുബീഷ് പി. വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശിൽപ ബാബു (27) എന്നിരാണ് എച്ച്.എ.എൽ പൊലീസിന്റെ പിടിയിലായത്. ഇരുവരും മാറത്തഹള്ളിയിൽ ഒരുമിച്ചായിരുന്നു താമസം. 

വ്യാപാരിയായ കെ.ആർ. കമലേഷ് കഴിഞ്ഞ വർഷമാണ് പണം കൈമാറിയത്. മദ്യം ഇറക്കുമതി ചെയ്ത് വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന ബിസിനസിൽ പങ്കാളിത്തവും വൻ ലാഭവും വാഗ്ദാനം ചെയ്താണ് പ്രതികൾ പണം കൈപ്പറ്റിയത്. ഒരു വർഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങാതിരുന്നതോടെ പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്.

കേന്ദ്ര, സംസ്ഥാന സർക്കാറുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും നിരവധി രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ നിക്ഷേപകരെ ആകർഷിച്ചിരുന്നത്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ബംഗളൂരുവിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Tags:    
News Summary - 65 lakh rupees were stolen from a businessman in Hyderabad; A Malayali youth and his partner were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.