പുന്നയൂർക്കുളം: അഞ്ഞൂരിൽ സ്കൂട്ടർ യാത്രികയെ ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ. അകലാട് ഒറ്റയിനി സ്വദേശി വട്ടേക്കാട്ട് വീട്ടിൽ സനലിനെയാണ് (19) വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. സ്കൂട്ടർ യാത്രികയായ പെരുമ്പടപ്പ് സ്വദേശി രാജി മനോജിനാണ് (46) ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ കാലിൻ്റെ എല്ല് പൊട്ടി ചികിത്സയിലാണ്. അഞ്ഞൂർ ജങ്ഷനിൽ കഴിഞ്ഞ മാർച്ച് 13നായിരുന്നു അപകടം. കുന്നംകുളം ഭാഗത്ത് നിന്നും വടക്കേക്കാട്ടേക്ക് വരുകയായിരുന്നു രണ്ട് പേരും. സ്കൂട്ടറിൽ ഇടിച്ചിട്ട ശേഷം സനൽ നിർത്താതെ രക്ഷപ്പെടുകയായിരുന്നു.
കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവസ്ഥലം വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസിൻ്റെ അന്വേഷണം ഒരു മാസത്തിന് ശേഷം വടക്കേക്കാട് പൊലീസിന് കൈമാറുകയായിരുന്നു. സംഭവശേഷം നിർത്താതെ പോയ മോട്ടോർ ബൈക്കിൻ്റെയും യാത്രക്കാരൻ്റെയും ചിത്രം അഞ്ഞൂർ ജംഗ്ഷനിൽ പൊലീസ് സ്ഥാപിച്ച ക്യാമറയിൽ നിന്നും ലഭിച്ചെങ്കിലും വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പറും യാത്രക്കാരൻ്റെ മുഖവും വ്യക്തമായിരുന്നില്ല. തുടർന്ന് ഈ ചിത്രം മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ചും 70 ഓളം ക്യാമറകൾ പരിശോധിച്ചുമാണ് മൂന്ന് മാസത്തെ അന്വേഷണം സനിലേക്കെത്തിയത്.
അകലാട് ഒറ്റയിനി ബീച്ച് ഫെസ്റ്റിവൽ ദിവസം നടന്ന കൊലപാതക ശ്രമക്കേസ് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണന്ന് സനലെന്ന് പൊലീസ് അറിയിച്ചു. വടക്കേക്കാട് എസ്.എച്ച്.ഒ ആർ. ബിനുവിൻ്റെ നേതൃത്വത്തിൽ എസ്. ഐ മാരായ ജലീൽ, സുധീർ, സീനിയർ സി.പി.ഒ ആൻ്റോ എന്നിവരുടെ സംഘമാണ് സനലിനെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.