നടിയെ ആക്രമിച്ച കേസ്: ദിലീപിന് രണ്ട് ശത്രുക്കൾ, നിർണായക ശബ്ദരേഖ ഹൈകോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക ശബ്ദരേഖ ഹൈകോടതിയിൽ ഹാജരാക്കി പ്രോസിക്യൂഷൻ. സാക്ഷിയെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകൻ ശ്രമിക്കുന്ന ശബ്ദരേഖയാണ് ഹാജരാക്കിയത്. ദിലീപിന്‍റെ സഹോദരൻ അനൂപിനെ അഭിഭാഷകൻ പറഞ്ഞ് പഠിപ്പിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്.

ദിലീപിന് രണ്ട് ശത്രുക്കൾ ഉണ്ടായിരുന്നു. സംവിധായകൻ ശ്രീകുമാരൻ മേനോനും നിർമാതാവ് ലിബർട്ടി ബഷീറുമാണത്. ഇത് കൂടാതെ മറ്റ് ശത്രുക്കളും ഉണ്ടായിരുന്നുവെന്ന് പറയണമെന്നും അനൂപിനോട് അഭിഭാഷകൻ പറയുന്നുണ്ട്.

ദിലീപും മഞ്ജു വാര്യരും തമ്മിൽ അകൽച്ചയിലായിരുന്നു. മഞ്ജു വാര്യർ മദ്യപിക്കും. ശ്രീകുമാരൻ മേനോനുമായി അടുപ്പമുണ്ടായിരുന്നു. ശ്രീകുമാരൻ മേനോന്‍റെ നൃത്ത പരിപാടിക്ക് മഞ്ജു പോവുകയും സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ചെയ്തു. ഇത് ദിലീപുമായി ചില പ്രശ്നങ്ങൾക്ക് ഇടയാക്കിയെന്ന തരത്തിൽ പറയണമെന്നും അഭിഭാഷകൻ പറയുന്നുണ്ട്.

ചാലക്കുടിയിൽ സിനിമ തിയറ്ററിനുള്ള സ്ഥലമാണ് ആദ്യം വാങ്ങിയത്. സന്തതസഹചാരിയായ അപ്പുണ്ണിയുമായി ദിലീപിന് അടുത്ത ബന്ധമില്ലെന്നും പറയാനും അഭിഭാഷകൻ അനൂപിനെ പഠിപ്പിക്കുന്നുണ്ട്.

ഡോ. ഹൈദരലിയുടെ അലുവയിലെ അൻവർ മെമ്മോറിയൽ ആശുപത്രിയിലെ രേഖകൾ തിരുത്തിയത് സംബന്ധിച്ചും ശബ്ദരേഖയിൽ പറയുന്നുണ്ട്. രണ്ട് ദിവസം ആശുപത്രിയിൽ അഡ്മിറ്റായി എന്നാണ് എഴുതിയിട്ടുള്ളത്. ഇത് ഒരു ദിവസമായി തിരുത്തണമെന്നും അഭിഭാഷകൻ അനൂപിനോട് നിർദേശിക്കുന്നതും ശബ്ദരേഖയിലുണ്ട്.

നടിയെ ആക്രമിച്ച കേസിൽ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന വിചാരണയെ അട്ടിമറിക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖയെന്നും പ്രോസിക്യൂഷൻ ഹൈകോടതിയെ ചൂണ്ടിക്കാട്ടി.

ക്രൈംബ്രാഞ്ച് അനൂപിന്‍റെ ഫോണിൽ നിന്ന് കണ്ടെടുത്ത രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ശബ്ദരേഖയാണ് പ്രോസിക്യൂഷൻ ഹൈകോടതിയിൽ ഹാജരാക്കിയത്. 

Tags:    
News Summary - Actress attack case: Dileep has two enemies, crucial audio recording in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.