കൊണ്ടോട്ടി: കോഴിക്കോട് പേരാമ്പ്ര നൊച്ചാട് വാളൂര്‍ കുറുങ്കുടിമീത്തല്‍ അംബികയുടെ (അനു -26) കൊലപാതകത്തില്‍ പിടിയിലായ പ്രതി കൊണ്ടോട്ടി നെടിയിരുപ്പ് കാവുങ്ങല്‍ ചെറുപറമ്പ് കോളനിയിലെ നമ്പിലത്ത് മുജീബ് റഹ്മാന് (49) മോഷണം സ്ഥിരമാക്കിയ കുറ്റവാളി. വാഹനമോഷണവും ആഭരണ കവര്‍ച്ചയും പതിവാക്കിയ മുജീബ് കൊണ്ടോട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത വാഹന മോഷണ കേസില്‍ അറസ്റ്റിലായി മൂന്നു മാസംമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. രാത്രി വീടുകളിൽനിന്ന് മോഷ്ടിച്ച വാഹനത്തില്‍ കറങ്ങി വഴിയാത്രക്കാരായ സ്ത്രീകളുടെ ആഭരണം കവരുകയുമാണ് ഇയാളുടെ രീതി. ഇത്തരത്തില്‍ 13 കേസുകള്‍ കൊണ്ടോട്ടി സ്റ്റേഷനില്‍ മാത്രമുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിലായി സമാന രീതിയിലുള്ള 58 കേസുകളാണുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ച പേരാമ്പ്ര വാളൂരിലെ വീട്ടില്‍നിന്ന് ഇറങ്ങിയ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് അള്ളിയോറ താഴെ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവതിയുടെ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സംഘം മുജീബ് റഹ്മാനിലേക്ക് എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ച മട്ടന്നൂരിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചുവരുന്നതിനിടെയാണ് വഴിയരികില്‍ കണ്ട യുവതിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി ആഭരണം കവർന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സംഭവശേഷം നെടിയിരുപ്പിലെ വീട്ടിലെത്തിയ മുജീബ് സമീപവാസിയുടെ സഹായത്തോടെ കൊണ്ടോട്ടിയിലെ സ്വര്‍ണ വ്യാപാരിക്ക് കളവുമുതല്‍ വില്പന നടത്തി. പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊണ്ടോട്ടി പൊലീസിന്റെ സഹായത്തോടെ നെടിയിരുപ്പിലെ വീട്ടില്‍നിന്ന് മുജീബിനെ പിടികൂടുകയും ആഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പും അന്വേഷണവും പുരോഗമിക്കുകയാണ്.
2022ല്‍ മുക്കം സ്വദേശിയായ യുവതിയെ വാഹനത്തില്‍ ബലമായി പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലും കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ വീടിന്റെ വാതില്‍ കത്തിച്ച് അകത്തുകടന്ന് സ്ത്രീയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്. തിരൂരിലെ സ്വർണാഭരണ ശാല ഉടമയായിരുന്ന ഗണപതിയെ കൊലപ്പെടുത്തിയ കേസില്‍ 20ം വയസ്സില്‍ പ്രതിചേര്‍ക്കപ്പെട്ട മുജീബിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.