ഹേമാംബിക നഗർ: പൊലീസിനെ ആക്രമിച്ച് അടിപിടി കേസിലെ നാല് പ്രതികളെ മോചിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കാവിൽപ്പാട് സ്വദേശികളായ സുന്ദരൻ (64), മണി (67), നിഖിൽ (29) എന്നിവരാണ് ഹേമാംബിക നഗർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം കാവിൽപ്പാട് പ്രശാന്ത് (32) എന്ന യുവാവിനെ മർദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാൻ പോയ അഞ്ചംഗ പൊലീസ് സംഘത്തെയാണ് ഇവർ ആക്രമിച്ചത്. സംഭവത്തിൽ പൊലീസുകാരനായ രാഹുലിന്റെ കൈയിന് പരിക്കേറ്റിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടമാണ് ഓടിയെത്തി ജീപ്പിന് മുന്നിൽ കിടന്ന് തടസ്സം സൃഷ്ടിച്ചത്. ജീപ്പിന്റെ വാതിൽ അടച്ചും തുറന്നും പ്രയാസമുണ്ടാക്കി.
ഇതിനിടെ പൊലീസുകാരന്റെ കൈ ജീപ്പിന്റെ ഡോറിൽ കുടുങ്ങിയാണ് പരിക്ക് പറ്റിയത്. പ്രതികളെ പൊലീസ് ജീപ്പിൽനിന്ന് പിടിച്ചിറക്കി കൊണ്ടുപോവുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി 12നാണ് സംഭവം.
ഏപ്രിൽ 12ന് മാരിയമ്മൻ പൂജ ദിവസം നടന്ന ഗാനമേളക്കിടയിൽ സ്ത്രീകൾക്കിടയിൽ നൃത്തം കളിച്ച യുവാക്കളെ ഒരു സംഘം ആളുകൾ തടഞ്ഞിരുന്നു. പൊലീസ് ഇടപെട്ടാണ് അടിപിടി ഒഴിവാക്കിയത്. ഇതിന്റെ തുടർച്ചയായാണ് പ്രശാന്തിനെ മർദിച്ചത്.
പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 13 പേർ കൂടി പിടിയിലാവാനുണ്ട്. പൊലീസിനെ ആക്രമിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഹേമാംബിക നഗർ എസ്.ഐ ആർ. റനീഷും സംഘവുമാണ് കേസന്വേഷിക്കുന്നത്. അറസ്റ്റിലായ പ്രതികളെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.