കൊച്ചി: വാഹന പരിശോധന സമയത്ത് കൈകാണിച്ചിട്ടും നിർത്താതെ പോവുകയും പൊലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. ശനിയാഴ്ച രാത്രി മുളവുകാട് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടെയാണ് സംഭവം. എടവനക്കാട് വലിയ പുരക്കൽ വീട്ടിൽ അക്ഷയ്, എടവനക്കാട് കാവിൽ മഠത്തിൽ വീട്ടിൽ ആധിത്, കാവിൽമഠത്തിൽ വീട്ടിൽ അഭിജിത്, നായരമ്പലം മായ്യാറ്റിൻതാര വീട്ടിൽ വിപിൻ രാജ് എന്നിവരാണ് പിടിയിലായത്.
വല്ലാർപാടം ബോൾഗാട്ടി ഭാഗത്ത് റോഡരികിൽ വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരും കണ്ടെയ്നർ ലോറി തൊഴിലാളികളും നാട്ടുകാരും തലനാരിഴക്കാണ് യുവാക്കളുടെ പരാക്രമങ്ങളിൽനിന്ന് രക്ഷപ്പെട്ടത്. നിർത്താതെ അതിവേഗത്തിൽ പോയ കാർ ബോൾഗാട്ടി ഭാഗത്ത് ഒരു ടൂവീലറിനെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു.
ഈ വാഹനത്തെ അതിസാഹസികമായി പിന്തുടർന്ന് പിടികൂടിയ പൊലീസ് സംഘത്തിന് നേരെ ഇവർ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയും ഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നാൽവർസംഘത്തെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്.
മുളവുകാട് പൊലീസ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാൽ, പ്രിൻസിപ്പൽ എസ്.ഐ സുനേഖ്, എ.എസ്.ഐ സുനോജ് സിനീയർ സി.പി.ഒ അരുൺ ജോഷി സി.പി.ഒമാരായ ഗോപകുമാർ, അമൃതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. റോഡിലൂടെ മത്സരയോട്ടം നടത്തുന്നവർക്കെതിരെയും വാഹന പരിശോധന സമയത്ത് കടന്നുകളയുന്നവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ശശിധരൻ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.