ബംഗളൂരു: യുവ വനിതാ വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ സി.ഐ.ഡി ഉദ്യോഗസ്ഥക്കെതിരെ പരാതി. വ്യവസായി ജീവയുടെ (33) ആത്മഹത്യയിലാണ് സി.ഐ.ഡി ഡെപ്യൂട്ടി സൂപ്രണ്ട് കനകലക്ഷ്മിക്കെതിരെ ആരോപണം. കനകലക്ഷ്മി ഭീഷണിപ്പെടുത്തിയെന്നും 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ഇതാണ് ജീവയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സഹോദരി പരാതിയിൽ പറയുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച സി.ഐ.ഡി ഉദ്യോഗസ്ഥ യുവതിയെ വിവസ്ത്രയാക്കി അപമാനിച്ചെന്നും പരാതിയിലുണ്ട്. ജീവ എഴുതിയതെന്ന് കരുതുന്ന 11 പേജുള്ള ആത്മഹത്യാക്കുറിപ്പ് സഹിതമാണ് സഹോദരിയുടെ പരാതി.
സംസ്ഥാന സർക്കാറിന്റെ ബോവി വികസന കോർപറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ജീവയെ സി.ഐ.ഡി സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. അവർ ജീവയെ വിവസ്ത്രയാക്കി. അടിവസ്ത്രത്തിനുള്ളില്‍ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞാണ് അവർ വസ്ത്രം അഴിപ്പിച്ചത്. തുടർന്ന് സി.ഐ.ഡി ആസ്ഥാനത്തുനിന്ന് പീനിയയിലെ ജീവയുടെ വ്യാപാരസ്ഥാപനത്തിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി. അവിടെവെച്ച് മതിയായ രേഖകള്‍ കൈമാറിയിട്ടും ഉദ്യോഗസ്ഥ 25 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും ജീവയുടെ സഹോദരി നല്കിയ പരാതിയില്‍ പറയുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ജീവയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരി വിവരം തിരക്കാനായി ആളെ പറഞ്ഞയക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ജീവയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ സഹോദരിയുടെ പരാതിയില്‍ സി.ഐ.ഡി ഉദ്യോഗസ്ഥയായ കനകലക്ഷ്മിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.