എട്ട് നായ്ക്കളും 16 സി.സി.ടി.വി കാമറയുമുള്ള വീട്ടിൽനിന്ന് ഒരുകിലോ സ്വർണം കവർന്നു

എട്ട് നായ്ക്കളും 16 സി.സി.ടി.വി കാമറയുമുള്ള വീട്ടിൽനിന്ന് ഒരുകിലോ സ്വർണം കവർന്നു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പെർമുദെ ടൗണിൽ വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു. ചൊവ്വാഴ്ച നടന്ന സംഭവം ബുധനാഴ്ചയാണ് പുറത്തറിഞ്ഞത്.

ജാൻവിൻ പിന്റോയുടേതാണ് കവർച്ച നടന്ന വീട്. അദ്ദേഹത്തിന്റെ മകൻ പ്രവീൺ പിന്റോ നിലവിൽ കുവൈറ്റിലാണ്. വീട്ടിൽ ആരുമില്ലാത്തതിനാൽ നിരീക്ഷണത്തിന് 16 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. കാമറ ഫോക്കസ് ഇല്ലാത്തിടം വഴിയാണ് മോഷ്ടാവ് വീട്ടുപറമ്പിൽ എത്തിയത്. തുടർന്ന് കാമറ ആംഗിളുകൾ മാറ്റിയ ശേഷം ഒരു ജനലിന്റെ ഇരുമ്പഴി തകർത്ത് അകത്ത് കടക്കുകയായിരുന്നു. മുധോൾ, ജർമ്മൻ ഷെപ്പേർഡ് ഇനങ്ങൾ ഉൾപ്പെടെ എട്ട് വളർത്തുനായ്ക്കളും ഇവിടെ സുരക്ഷക്കായി വളർത്തുന്നുണ്ട്. താക്കോൽ ഉപയോഗിച്ചാണ് ലോക്കർ തുറന്നത്.

ഗണ്യമായ അളവിൽ സ്വർണാഭരണങ്ങളും വിലകൂടിയ വാച്ചുകളും മോഷ്ടിച്ചു. നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ പതിവായി വീട്ടിലെത്താറുള്ള രണ്ട് തൊഴിലാളികളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. അവർ ഉടൻ കുവൈറ്റിലെ ഉടമകളെ വിവരമറിയിച്ചു.

ഇതേത്തുടർന്ന് അസി. പൊലീസ് കമ്മീഷണർ കെ. ശ്രീകാന്ത്, ഇൻസ്പെക്ടർ സന്ദീപ്, വിരലടയാള വിദഗ്ധർ, പൊലീസ് നായ്ക്കൾ എന്നിവർ സ്ഥലം പരിശോധിച്ചു. കുവൈറ്റിൽ നിന്ന് ഉടമകൾ എത്തിയാൽ മാത്രമേ മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കളുടെ കൃത്യമായ വിവരങ്ങൾ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Burglary at house of Bajpe family living in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.