ബാലുശ്ശേരി: ബൈക്കിൽ കഞ്ചാവുമായെത്തിയ യുവാവ് പിടിയിൽ. പനങ്ങാട് മണവയൽ ബൈജു(43)വാണ് വട്ടോളി കിനാലൂർ റോഡിൽ വാഹന പരിശോധനക്കിടെ പൊലീസ് പിടിയിലായത്. ഇയാളിൽനിന്നും 63.9 ഗ്രാം കഞ്ചാവു പൊലീസ് കണ്ടെത്തി.
ബാലുശ്ശേരി, വട്ടോളി, കിനാലൂർ പ്രദേശങ്ങളിൽ കുറച്ചുകാലമായി കഞ്ചാവ് വിതരണം ചെയ്യുന്ന ഇയാളെ പിടിക്കാനായി പൊലീസ് ശ്രമിച്ചുവരുകയായിരുന്നു.
ചെറിയ പാക്കറ്റുകളിലാക്കി സ്കൂൾ വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുകയായിരുന്നു ഇയാളുടെ രീതി. ബൈജുവിന്റെ പേരിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് മുമ്പും കേസുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
എസ്.ഐ. പി. റഫീഖ്, എ.എസ്.ഐ മുഹമ്മദ് പുതുശ്ശേരി, എസ്.സി.പി.ഒ അബ്ദുൽ കരീം, സി.പി.ഒ രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
കഴിഞ്ഞ ഒമ്പതിന് കിനാലൂർ പൂളക്കണ്ടിയിൽ കാറിൽ മയക്കുമരുന്നുമായെത്തിയ നാല് യുവാക്കളെയും കഴിഞ്ഞ 10ന് കോക്കല്ലൂർ പാറക്കുഴിയിലെ വീട്ടുപറമ്പിൽ കഞ്ചാവുമായി രണ്ടു യുവാക്കളെയും ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഞ്ചാവ്- മയക്കുമരുന്നു വില്പന വ്യാപകമായതിനെ തുടർന്നു പൊലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. മയക്കുമരുന്നു വ്യാപനത്തിനെതിരെ ജനകീയ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനവും ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.