വി​ശ്വാസ്യത തെളിയിക്കാൻ 10 വയസുകാരിയായ മകളെ തീകൊളുത്തി കൊന്നു; അമ്മയും വളർത്തച്ഛനും അറസ്റ്റിൽ

ചെന്നൈ: വിശ്വാസ്യത തെളിയിക്കാൻ മകളെ തീകൊളുത്തി കൊന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. ഞായറാഴ്ച രാത്രി തിരുവെട്ടിയൂരിലാണ് സംഭവം. ഭർത്താവിനോടുള്ള വിശ്വാസം തെളിയിക്കാൻ പത്തുവയസുകാരിയായ മകൾ പവിത്രയെ തീകൊളുത്തി​ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ അമ്മ ജയലക്ഷ്മിയെയും ഭർത്താവ് പത്മനാഭനെയും പൊലീസ് അറസ്റ്റ് ചെയ്തു. പവിത്രയുടെ വളർത്തച്ഛനാണ് പത്മനാഭൻ. ഇരുവരും കോടതിയിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ജയിലിലേക്ക് മാറ്റി.

ജയലക്ഷ്മിക്ക് 19 വയസുള്ളപ്പോഴായിരുന്നു ആദ്യവിവാഹം. പാൽവണ്ണൻ എന്നയാളെയാണ് ഇവർ ആദ്യം വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു പെൺകുട്ടിയുമുണ്ടായി. തൂത്തുക്കുടിയിൽ മുത്തശ്ശിക്കൊപ്പമാണ് നഴ്സിങ്ങിന് പഠിക്കുന്ന ഈ കുട്ടിയു​ടെ താമസം.

പിന്നീട്, ജയലക്ഷ്മി പാൽവണ്ണനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുകയും ഇയാളുടെ ഇളയ സഹോദരൻ ദുരൈരാജിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും പിന്നീട് മുംബൈയിലായിരുന്നു താമസം. അവിടെവെച്ച് ഇരുവർക്കും പവിത്ര ജനിച്ചു.

എന്നാൽ, ദുരൈരാജുമായി പിണങ്ങിയതോടെ ജയലക്ഷ്മി മും​ബൈ വിടുകയും പവിത്രയുമായി ചെ​ന്നൈ തിരുവൊട്ടിയൂരിലെത്തുകയുമായിരുന്നു. അവിടെവെച്ച് വിവാഹബന്ധം വേർപ്പെടുത്തി താമസിക്കുന്ന ടാങ്കർ ഡ്രൈവർ പത്മനാഭനുമായി പരിചയത്തിലാകുകയും ഒമ്പതുവർഷം മുമ്പ് വിവാഹം കഴിക്കുകയും ചെയ്തു. ഇരുവർക്കും ആറും നാലും വയസുള്ള രണ്ടു കുട്ടികളുമുണ്ട്.

പത്മനാഭൻ പലപ്പോഴും മദ്യപിക്കുകയും ജയലക്ഷ്മിയുമായി വഴക്കിടുകയും വിശ്വാസ്യതയെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. പതിവുപോലെ ഞായറാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. പവിത്രയെ തീകൊളുത്താനും നിരപരാധിയാണെങ്കിൽ പരിക്കേൽക്കാതെ കുട്ടി രക്ഷപ്പെടുമെന്നും ജയലക്ഷ്മിയോട് പത്മനാഭൻ ആവ​ശ്യപ്പെട്ടു. ഇതോടെ സഹോദരങ്ങൾക്കൊപ്പം ഉറങ്ങികിടന്നിരുന്ന പവിത്രയെ ജയലക്ഷ്മി വലിച്ചിഴച്ച് പുറത്തെത്തിച്ചശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

കുട്ടിയു​ടെ അലർച്ച​​കേട്ട് സമീപവാസികൾ ഓടിയെത്തുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 75 ശതമാനം പൊള്ളലേറ്റ കുട്ടി തിങ്കളാഴ്ച രാവിലെ മരിച്ചു. 

Tags:    
News Summary - Chennai woman sets minor daughter ablaze to prove fidelity to husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.