മാരാരിക്കുളം: കലവൂർ പ്രീതികുളങ്ങരയിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിപ്പരിക്കേൽപ്പിച്ചു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് തറയിൽ ടി.സി. സന്തോഷിനാണ് (47) വെട്ടേറ്റത്.
ഗുരുതര പരിക്കേറ്റ ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്നു പ്രതികളിൽ രണ്ടുപേർ പൊലീസ് പിടിയിലായി.
പ്രീതികുളങ്ങര സെറ്റിൽമെന്റ് കോളനിയിൽ ഷണ്മുഖദാസ് (ഷൈജു - 30), പൂന്തോപ്പ് വാർഡ് വെളിയിൽ വീട്ടിൽനിന്നും മാരാരിക്കുളം തെക്കു മാടത്തിങ്കൽ കോളനിയിൽ താമസിക്കുന്ന സുരേഷ് (കുരുവി - 36) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ഒളിവിലാണ്. ബുധനാഴ്ച വൈകീട്ട് മൂന്നിന് ബൈക്കിലെത്തിയ മൂന്നുപേർ പ്രീതികുളങ്ങര കിഴക്ക് സന്തോഷിന്റെ എൻജിനീയറിങ് വർക്ക് ഷോപ്പിൽ കയറിയാണ് ആക്രമിച്ചത്.
ഇരു കൈപ്പത്തികൾക്കും തലയ്ക്കുമാണ് വെട്ടേറ്റത്. ഇടതു കൈയുടെ രണ്ട് വിരലുകൾ അറ്റു. കൈ ഞരമ്പുകളും മുറിഞ്ഞു. ചോരയിൽ കുളിച്ചു കിടന്ന സന്തോഷിനെ പരിസരവാസികളും ബന്ധുക്കളും ചേർന്ന് ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് വിദഗ്ധ ചികത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചക്കുശേഷം സന്തോഷിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. രണ്ടുദിവസം മുമ്പ് പ്രീതികുളങ്ങരയിൽ ഒരു വീട്ടിലെ ബൈക്ക് സാമൂഹികവിരുദ്ധർ കത്തിച്ചിരുന്നു.ഇതേക്കുറിച്ചു അറിയാൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. രജീഷിനോടൊപ്പം സന്തോഷ് ബുധനാഴ്ച രാവിലെ ഈ വീട്ടിൽ പോയിരുന്നു. ഇതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.