പത്തനംതിട്ട: ബാലികയെ പീഡിപ്പിച്ച കേസിൽ പ്രമാടം ളാക്കൂർ മൂലപറമ്പിൽ കോളനിയിൽ അജി (46), കാമുകി പ്രമാടം ളാക്കൂർ മൂലപറമ്പിൽ കോളനിയിൽ പുതുപറമ്പിൽ സ്മിത (33) എന്നിവരെ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 20 വർഷം വീതം കഠിനതടവിന് ശിക്ഷിച്ചു.
2017 ജൂണിലാണ് സംഭവം. സ്മിതയുടെ ഒത്താശയോടെ അജി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ആളൊഴിഞ്ഞ വീട്ടിൽ വെളിച്ചം കണ്ട് ഇളയ സഹോദരൻ എത്തിയപ്പോഴാണ് പെൺകുട്ടിയെ സ്മിതയുടെ സാന്നിധ്യത്തിൽ അജി പീഡിപ്പിക്കുന്നത് കണ്ടത്. സംഭവം കണ്ടെന്ന് മനസ്സിലായ സ്മിത പെൺകുട്ടിയുടെ സഹോദരനെ ദേഹോപദ്രവം ഏൽപിച്ചു. 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖ തെളിവായി സ്വീകരിക്കുകയും ചെയ്തു.
ഒന്നാം പ്രതിയെ ഐ.പി.സി 376 വകുപ്പ്, പോക്സോ വകുപ്പ് ആറ് എന്നിവ പ്രകാരം 20 വർഷം കഠിനതടവിനും 75,000 രൂപ പിഴയും പിഴ അടക്കാതിരുന്നാൽ ഏഴുമാസത്തെ തടവിനും രണ്ടാം പ്രതിയെ ബലാത്സംഗത്തിന് ഒത്താശയും സൗകര്യവും ചെയ്തതിന് 20 വർഷം കഠിനതടവിനും 25,000 രൂപ പിഴശിക്ഷയും കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പും പ്രകാരം മൂന്നുവർഷത്തെ വെറും തടവും പിഴ അടക്കാതിരുന്നാൽ രണ്ടുമാസം തടവുംകൂടി അനുഭവിക്കണം. രണ്ടാം പ്രതി ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പരാമർശമുണ്ട്. പോക്സോ പ്രിൻസിപ്പൽ ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനുവേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായി. കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി അടൂർ ഡിവൈ.എസ്.പി ആയിരുന്ന ആർ. ജോസാണ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.