കൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കേസിന്‍റെ അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ലെന്ന് പിതാവ് അബ്ദുൽ ലത്തീഫ്. ഫാത്തിമ മരിച്ചിട്ട് രണ്ട് വർഷം തികയുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയുന്നില്ല. എട്ട് മാസം മുമ്പ് സി.ബി.ഐ സംഘം വീട്ടിൽ വന്ന് പോയതല്ലാതെ മറ്റൊരു വിവരവുമില്ലെന്നും പിതാവ് പറഞ്ഞു.
മൂന്ന് മാസം മുമ്പ് മകളുടെ ഒരു പ്രൊഫസർ രാജിവെച്ചിരുന്നു. രാജിക്കത്തിൽ ഫാത്തിമയുടെ പേര് പ്രതിപാദിക്കുകയും ചെയ്തിരുന്നുവെന്നും പിതാവ് പറഞ്ഞു.മകൾക്ക് നീതി ലഭിക്കാനായി കേരള മുഖ്യമന്ത്രി, ഗവർണർ, തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയവരെ നേരിൽ കാണുമെന്നും എം.കെ സ്റ്റാലിനെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു.
മകളുടെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർ ഇപ്പോഴും കാമ്പസിലുണ്ട്. പക്ഷെ അന്വേഷണം എങ്ങുമെത്തിയില്ലെന്നും പിതാവ് പറയുന്നു.2019 നവംബർ ഒമ്പതിന് രാവിലെയാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം ഐ.ഐ.ടിയിലെ ഒരു പ്രഫസറാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ഫാത്തിമയുടെ ഫോണിൽനിന്ന് ലഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ഫോണിലുണ്ടെന്നും കുറിപ്പിലുണ്ടായിരുന്നു. പരീക്ഷക്ക് മാർക്ക് കുറഞ്ഞതിലെ മനോവിഷമമാണ് ആത്മഹത്യയുടെ കാരണമെന്നായിരുന്നു ഐ.ഐ.ടി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.
പൊലീസ് അന്വേഷണവും ഇതേവഴിക്ക് നീങ്ങിയതോടെയാണ് ബന്ധുക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. നവംബർ അവസാനമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.