ചെങ്ങന്നൂർ: ചെറുകോലിൽ കാണാതായ മകളെ അന്വേഷിച്ചെത്തിയ പിതാവിനും സഹോദരനും സഹോദരീ ഭർത്താവിനും ക്രൂരമായി മർദനമേറ്റ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.
ചെന്നിത്തല ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ (19), ബുധനൂർ എണ്ണയ്ക്കാട് ഗ്രാമം ചിറയിൽ തെക്കേതിൽ വീട്ടിൽ ഉണ്ണി (ഷാനറ്റ് -25), ചെന്നിത്തല ചെറുകോൽ ഇടശ്ശേരിയത്ത് വൈഷ്ണവ് (20) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെറുകോൽ മാലിയിൽ വടക്കേതിൽ പ്രവീൺ (26), പിതാവ് ഉണ്ണൂണ്ണി (48), ഉണ്ണൂണ്ണിയുടെ മരുമകൻ മാവേലിക്കര മറ്റം വടക്ക് എലിസബത്ത് വില്ലയിൽ റോജൻ (45) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
കാണാതായ മകൾ സംഭവത്തിൽ ഒന്നാം പ്രതിയായ ഗോകുലിന്റെ വീട്ടിലുണ്ടെന്ന് വിവരമറിഞ്ഞ് അന്വേഷിക്കാൻ എത്തിയതായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീൺ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. ഉണ്ണൂണ്ണിയുടെ കൈക്ക് പൊട്ടലുണ്ട്. ഉണ്ണൂണ്ണിയുടെ മകളും ഒന്നാംപ്രതി ഗോകുലും തമ്മിൽ പ്രണയത്തിലായിരുന്നു. സംഭവത്തിൽ നാല് പ്രതികളാണുള്ളത്. ഒരാളെ പിടികൂടാനുണ്ട്. സംഭവത്തിൽ സഹോദരന് ഗുരുതര പരിക്കേറ്റു എന്നറിഞ്ഞ ഉണ്ണൂണ്ണിയുടെ മകൾ ആത്മഹത്യക്ക് ശ്രമിക്കുകയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐ അഭിരാം, അഡീഷനൽ എസ്.ഐമാരായ മധുസൂദനൻ, മോഹൻദാസ്, സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ദീഖുൽ അക്ബർ, പ്രമോദ്, ഹരിപ്രസാദ് സാജിദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.