ലഖ്നോ: കാമുകിയും കൂട്ടാളികളും ചേർന്ന് യുവാവിനെ മർദിക്കുകയും വിഷം കൊടുത്ത് കൊല്ലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഹാമിർപൂർ സ്വദേശിയും മഹോബയിൽ മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന ശൈലേന്ദ്ര ഗുപ്തയുമാണ് ആക്രമണത്തിനിരയായത്. കാലിപഹാരി ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായി ശൈലേന്ദ്ര ഗുപ്ത പ്രണയത്തിലായിരുന്നു. ഇരുവരും നാലുവർഷത്തോളം ലിവ്-ഇൻ റിലേഷനിലായിരുന്നു.
ഈ കാലയളവിൽ ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും യുവതിക്കായി ചെലവഴിച്ചതായി ഗുപ്ത പരാതിയിൽ പറഞ്ഞു. എന്നാൽ ബന്ധം വഷളാവുകയും ഇരുവരും വേർപിരിയുകയും ചെയ്തു. പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവതിയും സഹോദരൻ സദാബ് ബേഗും സുഹൃത്തുക്കളായ ദീപക്, ഹാപ്പി എന്നിവരും ചേർന്ന് ക്രൂരമായി മർദിച്ചുവെന്നും വിഷം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഗുരുതരാവസ്ഥയിലായ ഗുപ്തയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പുറമേ തനിക്കെതിരെ വ്യാജ കേസ് ചുമത്തുമെന്ന് യുവതിയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയതായും ഗുപ്ത മൊഴി നൽകി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.