കൊച്ചി: വിദ്യാഭ്യാസ വകുപ്പിന് വ്യാജ പരാതി നൽകി പിറവം സെൻറ് ജോസഫ് ഹൈസ്‌കൂൾ പ്രധാനാധ്യാപകനിൽനിന്ന് 15 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച പി.ടി.എ പ്രസിഡന്റും കൂട്ടാളികളും വിജിലൻസിന്റെ പിടിയിലായി.
മുൻ പി.ടി.എ ഭാരവാഹി ഇടുക്കി ബൈസൻവാലി സ്വദേശിയും ഇപ്പോൾ പിറവത്ത് താമസിക്കുന്നയാളുമായ ബി. പ്രസാദ് (52), തിരുവനന്തപുരം മലയിൻകീഴ് കൊല്ലോട് സ്വദേശി രാകേഷ് റോഷൻ (48), പി.ടി.എ പ്രസിഡന്റ് എറണാകുളം ഇലഞ്ഞി സ്വദേശി ബിജു തങ്കപ്പൻ (52), എറണാകുളം ഓണക്കൂർ സ്വദേശി അലേഷ് ജോസ് (45) എന്നിവരാണ് അറസ്റ്റിലായത്. പരാതി വിജിലൻസിന് കൈമാറുമെന്നും ഇല്ലാക്കഥകൾ സമൂഹത്തിൽ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.
അധ്യാപകനെതിരെ പ്രസാദ് നൽകിയ പരാതിയിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യം ഉയർത്തി കൂട്ടുപ്രതികൾ അധ്യാപകനെ പ്രസാദിന്റെ വീട്ടിലേക്ക് വ്യാജ ഒത്തുതീർപ്പ് ചർച്ചക്ക് വിളിച്ചുവരുത്തി. പരാതി പിൻവലിക്കാൻ ഇനി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് മാത്രമേ കഴിയൂവെന്ന് പറഞ്ഞ്, ഫെബ്രുവരി 27ന് അധ്യാപകനെ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ എത്തിച്ചു.
ബൈക്ക് ഷോറൂമിലെ മാനേജറായ രാഗേഷ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഹോട്ടലിലെത്തി പരാതി പിൻവലിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഹോട്ടലിൽ വന്നതിന് 5000 രൂപയും കൂട്ടുപ്രതികളുടെ യാത്രാ ചെലവിന്റേതടക്കം 30,000 രൂപയും ഇയാൾ ഗൂഗിൾപേ വഴി അധ്യാപകനിൽനിന്ന് വാങ്ങിയെടുത്തു.
അഞ്ചുദിവസത്തിനുശേഷം 15 ലക്ഷം രൂപ നൽകിയാൽ പരാതി ഒതുക്കിത്തീർക്കാമെന്ന് ഫോണിലൂടെ പ്രതികൾ അറിയിച്ചു. ഇത്രയും പണമില്ലെന്ന് പറഞ്ഞതോടെ കുടുംബം തകർക്കുമെന്നായി ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.