കരുനാഗപ്പള്ളി: കൊല്ലം കരുഗാനപ്പള്ളിയിലെ ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജിനെ പിടികൂടി. ഒളിവിൽ കഴിഞ്ഞ കല്ലമ്പലത്തെ വീട്ടിൽ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അലുവ അതുൽ, സാമുവൽ എന്നിവരെയാണ് ഇനി പിടികൂടാൻ ഉള്ളത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പങ്കജിനെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുകയാണ്.
മുൻവൈരാഗ്യത്തെ തുടർന്ന് ജിം സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയത് പങ്കജ് നൽകിയ കൊട്ടേഷൻ അനുസരിച്ചാണ് എന്നാണ് പറയപ്പെടുന്നത്. കേസ്സിലെ പ്രധാന പ്രതിയും സൂത്രധാരനും ഗുണ്ടാ നേതാവുമായ പങ്കജിന്റെ ഉന്നത രാഷ്ട്രീയ ബന്ധമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് വിമർശനമുണ്ട്.
കേസിൽ ഒളിവിൽ പോയിരുന്ന മൈന എന്നറിയപ്പെടുന്ന ഹരി, പ്യാരി എന്നിവരെ ഓച്ചിറ പൊലീസ് രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഓച്ചിറ മേമന സ്വദേശി കുക്കു എന്ന് വിളിക്കുന്ന മനുവിന്റെ വീട്ടിൽ പ്രതികൾ കൊലപാതകത്തിന് മുമ്പ് പരിശീലനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മനുവിന്റെ വീട്ടിൽ കിടന്ന കാറുമായി വന്നാണ് പ്രതികൾ കൊല നടത്തിയത്.
സന്തോഷ് വധക്കേസിലെ മറ്റൊരു പ്രധാന പ്രതി അലുവ അതുൽ ആലുവയിൽ വെച്ച് പൊലീസിൻ്റെ കൺമുന്നിൽ നിന്ന് ഓടി രക്ഷപ്പെട്ട സംഭവം പൊലീസിന് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ആലുവയിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. പ്രതി കുടുംബസമേതം സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞപ്പോൾ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.