ലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ നാലുമാസം മുമ്പ് കാണാതായ 32കാരിയെ ജിം ട്രെയിനർ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതർ താമസിക്കുന്ന മേഖലയിലാണ് യുവതിയുടെ മൃതദേഹം കുഴിച്ചിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ജിം ട്രെയിനർ വിമൽ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയാണ് കൊല്ലപ്പെട്ടത്. യുവതിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ ജൂൺ 24 മുതൽ അന്വേഷണം നടക്കുകയായിരുന്നു. ജിം പരിശീലകനായ വിമൽ സോണിയുമായി യുവതി അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു യുവതിയുമായി വിമലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമൽ കാറിൽ പുറത്തേക്ക് പോയി. തർക്കത്തിനിടെ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.
ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഇവിടെയുള്ള ഓരോ വീടുകളിലും സുരക്ഷാ ഉദ്യോഗസ്ഥനും സി.സി.ടി.വി കാമറകളുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലാവരുടെയും കണ്ണുവെട്ടിച്ചാണ് കാറിൽ ഇവിടെയെത്തി അഞ്ചു മണിക്കൂറോളം സമയമെടുത്ത് വിമൽ മൃതദേഹം കുഴിച്ചിട്ടത്. ഇവിടെ അടുത്തിടെ നിർമാണ പ്രവൃത്തി തുടങ്ങിയിരുന്നു. റായ്പുര സ്വദേശിയാണ് പരിസരം കുഴിച്ചുകൊണ്ടിരിക്കെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താൻ പൊലീസ് ഏറെ ശ്രമപ്പെട്ടു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ പുനെ, ആഗ്ര, പഞ്ചാബ് മേഖലകളിലേക്ക് അയച്ചതായി നോർത്ത് കാൺപൂർ ഡി.സി.പി ശ്രാവൺ കുമാർ സിങ് പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.