ചാവക്കാട്: ഏങ്ങണ്ടിയൂരിൽ പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിന് ഏഴര വർഷം കഠിന തടവ്. 15000 രൂപ പിഴയും അടക്കണം. ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ പൊറ്റയിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (55) ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ഭാര്യ തളിക്കുളം ത്രിവേണിയിൽ കുട്ടംപറമ്പത്ത് അപ്പുവിന്‍റെ മകൾ ഷീജയാണ് (50) മരിച്ചത്.
2019 സെപ്തംബർ 12 തിരുവോണ നാളിൽ രാത്രി ഒൻപതിനായിരുന്നു സംഭവം. ഷീജ സ്വന്തം വീട്ടിൽ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 30 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഒരു മകനുണ്ട്. വിവാഹ സമയം പ്രതിക്ക് നൽകിയ 20 പവൻ സ്വർണാഭരണവും 10,000 രൂപയും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച് തീർത്ത് കൂടുതൽ സ്വർണാഭരണവും പണവും ആവശ്യപ്പെട്ട് ഷീജയെ ക്രൂരമായി മർദ്ദിക്കുമായിരുന്നു.
ഇയാൾ ജോലിക്കൊന്നും പോകാതെ ഷീജ ജോലിക്ക് പോയി ലഭിച്ചിരുന്ന പണം കൊണ്ട് മദ്യപിച്ച് സ്ഥിരമായി വഴക്ക് കൂടുകയായിരുന്നു. മർദ്ദനം സഹിക്കവയ്യാതെ ഷീജയും മകനും ഷീജയുടെ അമ്മയുടെ പേരിലുള്ള വീട്ടിലേക്ക് താമസം മാറി. പിന്നീട് പ്രതിയും അവിടെ താമസമാക്കി. മദ്യപിച്ച് ഷീജയുടെ അമ്മയെയും ഷീജയെയും ഉപദ്രവിക്കുന്നത് പതിവാക്കി. പലതവണ ഷീജ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞെങ്കിലും, ഭർത്താവിനെതിരെ കേസെടുക്കാൻ പറഞ്ഞിരുന്നില്ല.
സംഭവ ദിവസം തിരുവോണനാളിൽ രാവിലെ മുതൽ പ്രതി മദ്യപിച്ചെത്തി ഉപദ്രവമായിരുന്നു. ഇതിനിടയിലാണ് ഷീജ സ്വയം തീകൊളുത്തിയത്. തൃശൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 2019 സെപ്തംബർ 19ന് ഷീജ മരിച്ചു. സംഭവസമയം ഏക മകൻ ജോലി സംബന്ധമായി എറണാകുളത്തായിരുന്നു.
ഭർത്താവിൻറെ ഉപദ്രവം സഹിക്കവയ്യാതെയാണ് സ്വയം തീകൊളുത്തിയതെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. പിഴ ഷീജയുടെ ആശ്രിതർക്ക് നൽകാനാണ് കോടതി നിർദേശം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.