കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലിവാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് പണം തട്ടുകയും പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ആലപ്പുഴ സ്വദേശി നൂര്‍ മിഖായേല്‍ എന്ന് പരിചയപ്പെടുത്തിയ പ്രതിക്കായുള്ള അന്വേഷണമാണ് കൊണ്ടോട്ടി സി.ഐ. കെ.എന്‍. മനോജിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
മൊറയൂര്‍ സ്വദേശിനിയായ 42കാരിയുടെ പരാതിയിലാണ് അന്വേഷണം. മുസ്ലിയാരങ്ങാടിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പ്രതി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണെന്നാണ് തെറ്റിദ്ധരിപ്പിച്ചത്. വിമാനക്കമ്പനിയില്‍ സീനിയര്‍ സൂപ്പര്‍വൈസര്‍ ജോലി നല്‍കിയതായി വ്യാജരേഖ നല്കി യുവതിയെ വിശ്വസിപ്പിച്ച് ക്വാര്‍ട്ടേഴ്സില്‍ എത്തിക്കുകയും പീഡനത്തിന് ഇരയാക്കുകയും പലതവണയായി ആറ് ലക്ഷത്തോളം രൂപ കൈവശപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
തട്ടിപ്പ് നടത്തിയയാളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരുകയാണ്. ഇയാള്‍ ഒളിവിലാണ്. കുടുംബസമേതം എത്തി സൗഹൃദം സ്ഥാപിച്ച ശേഷം കബളിപ്പിക്കുകയായിരുന്നെന്ന് പരാതിയിലുണ്ട്. പലരില്‍ നിന്നായി പണം വാങ്ങിയാണ് യുവതി ഇയാള്‍ക്ക് നേരിട്ടും അക്കൗണ്ട് വഴിയും നല്‍കിയത്. പിന്നീട് ഫോണ്‍ എടുക്കാതായതോടെയാണ് പൊലീസിനെ സമീപിച്ചത്. വ്യാജപേരിലാണ് തട്ടിപ്പിനിരയാക്കിയതെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.