കൊച്ചി: ഒരുവർഷം മുമ്പ് ആറ്റിങ്ങലിൽനിന്ന് 500 കിലോ കഞ്ചാവുമായി ലോറി പിടികൂടിയ സംഭവത്തിലെ എക്സൈസ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ സൂക്ഷിച്ചുെവക്കണമെന്ന് മൊബൈൽ സേവനദാതാക്കൾക്ക് ഹൈകോടതിയുടെ നിർദേശം. കേസ് കെട്ടിച്ചമച്ചതാണെന്നും കഞ്ചാവ് ലോറിയും പ്രതികളും പിടിയിലായത് മൈസൂരുവിലാണെന്നും ചൂണ്ടിക്കാട്ടി അഞ്ചാം പ്രതിയുടെ പിതാവ് കോഴിക്കോട് സ്വദേശി വി.കെ. രാജൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മേരി ജോസഫിെൻറ ഉത്തരവ്. അന്വേഷണസംഘത്തിെൻറ കാൾ ഡേറ്റ രേഖകളും ടവർ ലൊക്കേഷനുകളും സൂക്ഷിച്ചുവെക്കാൻ ബി.എസ്.എൻ.എൽ, േവാഡഫോൺ കമ്പനികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
2020 സെപ്റ്റംബർ ആറിനാണ് ആന്ധ്രയിൽനിന്ന് കഞ്ചാവുമായെത്തിയ ലോറി ആറ്റിങ്ങൽ കോരാണി ടോൾ മുക്കിൽനിന്ന് എക്സൈസ് എൻഫോഴ്സ്‌മെൻറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. പഞ്ചാബ് സ്വദേശിയായ ലോറി ഡ്രൈവർ ഖുൽവന്ത് സിങ് ഖൽസി, ക്ലീനർ ഝാർഖണ്ഡ് സ്വദേശി കൃഷ്‌ണയാദവ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽനിന്ന് മൈസൂരു വഴി കേരളത്തിലെത്തിച്ച് കഞ്ചാവ് മൊത്തവിതരണ സംഘങ്ങൾക്ക് കൈമാറുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തിയിരുന്നു.
തുടരന്വേഷണത്തിൽ കണ്ണൂർ സ്വദേശി ജിതിൻ രാജ്, തിരുവനന്തപുരം മുടപുരം സ്വദേശി ജയചന്ദ്രൻ, തൃശൂർ സ്വദേശി സെബു, ആഭേഷ് തുടങ്ങിയവരെ പ്രതി ചേർത്തു. എന്നാൽ, ലോറിയടക്കം കഞ്ചാവ് പിടികൂടിയത് 2020 സെപ്റ്റംബർ നാലിന് മൈസൂരുവിലാണെന്നും ഇതു കേരളത്തിലേക്ക് കൊണ്ടുവന്ന് കേസ് രജിസ്റ്റർ ചെയ്തതാണെന്നുമാണ് ഹരജിക്കാരെൻറ ആരോപണം. ഇതു തെളിയിക്കാൻ എക്സൈസ് സ്ക്വാഡിലുണ്ടായിരുന്ന 10 ഉദ്യോഗസ്ഥരുടെയും മൊബൈൽ കാൾ ഡേറ്റ രേഖകളും ടവർ ലൊക്കേഷനും പരിശോധിച്ചാൽ മതിയെന്നും ഹരജിക്കാരൻ വാദിച്ചു. തുടർന്നാണ് ഇവ സൂക്ഷിച്ചുവെക്കാൻ മൊബൈൽ സേവനദാതാക്കൾക്ക് കോടതി നിർദേശം നൽകിയത്.
വിചാരണവേളയിൽ ആവശ്യമെങ്കിൽ തിരുവനന്തപുരം ജില്ല അഡീഷനൽ സെഷൻസ് കോടതിക്ക് ഇത് തെളിവായി സ്വീകരിക്കാം. അതിനുമുമ്പ് എക്സൈസ് ഉദ്യോഗസ്ഥരുടെ വാദംകൂടി കേൾക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.