മംഗളൂരു: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ബി.എം മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നിൽ ഹണിട്രാപ്പെന്ന് പൊലീസ്. മലയാളിയായ റഹ്മത്ത് എന്ന സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തി മുംതാസ് അലിയെ ആറംഗസംഘം ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. കൂടുതൽ പണമാവശ്യപ്പെട്ട് സംഘം വീണ്ടും മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ റഹ്മത്ത്, അബ്ദുൽ സത്താർ, ഷാഫി, മുസ്തഫ, സുഹൈബ്, സിറാജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ദേശീയപാതയിൽ മംഗളൂരു കുളൂർ പാലത്തിന് സമീപം ഫാൽഗുനി നദിയിൽനിന്നാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ പാലത്തിൽ അപകടത്തിൽപ്പെട്ട നിലയിൽ ആഡംബര കാർ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പനമ്പൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്തുനിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുൾപ്പെട്ട സംഘവും ദേശീയ ദുരന്ത നിവാരണ സേനയും ചേർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കോൺഗ്രസ് മുൻ എം.എൽ.എ മൊഹിയുദ്ദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എം.എൽ.സി ബി.എം. ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. ഞായറാഴ്ച പുലർച്ചെ മൂന്നോടെ വീടുവിട്ട മുംതാസ് അലി താൻ മടങ്ങിവരില്ലെന്ന് കുടുംബ വാട്സ് ആപ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.