ചെറുതോണി: പത്തനംതിട്ടയിലെ നരബലിയുടെ വാർത്തകളിൽ കേരളം നടുങ്ങി നിൽക്കുമ്പോൾ 41 വർഷം മുമ്പ് നടന്ന നരബലിയുടെ ഭീതിതമായ ഓർമകളിലേക്ക് തിരിച്ചുനടക്കുകയാണ് ഇടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിൽ 1981 ഡിസംബർ 17നാണ് സംഭവം. കുളമാവ് മുത്തിയുരുണ്ടയാർ തച്ചിലേത്ത് വർഗീസിെൻറ മകൾ സോഫിയയാണ് ക്രൂരകൃത്യത്തിന് ഇരയായത്. നിധി കിട്ടുന്നതിന് ഹനുമാൻ പ്രീതിക്കായി ഭർത്താവ് പനംകുട്ടി ചുരുളിപ്പറമ്പിൽ മോഹനനും വീട്ടുകാരും ചേർന്ന് സോഫിയയെ കൊന്ന് വീടിെൻറ നടുവിലത്തെ മുറിയിൽ കുഴിച്ചിടുകയായിരുന്നു. ഭർത്താവ് മോഹനൻ, അച്ഛൻ കറുപ്പൻ, അമ്മ രാധ, മോഹനെൻറ അനുജൻമാരായ ഉണ്ണി, ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്കരൻ എന്നിവർ ചേർന്നാണ് കൃത്യം നടത്തിയത്. നരബലി നടത്തി ഹനുമാനെ പ്രീതിപ്പെടുത്തിയാൽ കോടിക്കണക്കിന് രൂപയുടെ നിധി കിട്ടുമെന്ന് മന്ത്രവാദി വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം ജയിലിൽനിന്നിറങ്ങി. ഉണ്ണി ശിക്ഷാ കാലാവധി പൂർത്തിയാകും മുമ്പേ ജയിലിൽ മരിച്ചു. കാട്ടിൽനിന്ന് ഈറ്റവെട്ടിക്കൊണ്ടുവന്ന് പനമ്പും കുട്ടയും നെയ്ത്വിൽക്കുന്നവരാണ് മോഹനെൻറ കുടുംബം. ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയ മോഹനൻ ഈറ്റവെട്ടാൻ ചെന്നപ്പോഴാണ് സോഫിയയെ കണ്ടുമുട്ടുന്നതും പനംകുട്ടിയിൽ കൊണ്ടുവന്ന് ഒന്നിച്ചു താമസിപ്പിക്കുന്നതും. മുരിക്കാശ്ശേരി പൊലീസ് പരിധിയിലായിരുന്നു അന്ന് പനംകുട്ടി. അടിമാലി സർക്കിൾ ഇൻസ്പെക്ടറായിരുന്ന സാമുവൽ, മുരിക്കാശ്ശേരി എസ്.ഐ ജോസഫ് തോമസ്, ദേവികുളം സബ് കലക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
കമ്പകക്കാനം കൂട്ടക്കൊലക്ക് പിന്നിലും മന്ത്രവാദവും തർക്കവും
തൊടുപുഴ: നാടിനെ നടുക്കിയ വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനം കൂട്ടക്കൊലക്കേസിന് പിന്നിലും ആഭിചാരക്രിയകളും അതുമായി ബന്ധപ്പെട്ട തർക്കവുമായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വിവരങ്ങൾ. 2018 ജൂലൈ 29ന് രാത്രിയായിരുന്നു കൊലപാതകം. കമ്പകക്കാനം കാനാട്ട് കൃഷ്ണന് (52), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (20), മകന് അര്ജുന് (18) എന്നിവരെ തലക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയശേഷം മൃതദേഹം വീടിന് പിന്നിലെ ചാണകക്കുഴിയിൽ മൂടുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്. നാല് പ്രതികളായിരുന്നു കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.
ആസൂത്രകനും കൃഷ്ണെൻറ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ്, സുഹൃത്തുക്കളായ ലിബീഷ് ബാബു, ശ്യാം പ്രസാദ്, സനീഷ് എന്നിവരായിരുന്നു പ്രതികൾ. മന്ത്രവാദത്തിന്റെ പേരില്‍ കൃഷ്ണനും ശിഷ്യൻ അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം കൊലപാതകത്തിലേക്ക് നയിച്ചെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ പറഞ്ഞത്. കൃഷ്ണനോടൊപ്പം വീട്ടില്‍ താമസിച്ച് അനീഷ് മാന്ത്രികവിദ്യകൾ സായത്തമാക്കിയിരുന്നു. പിന്നീട് അനീഷ് നടത്തിയിരുന്ന മാന്ത്രിക കര്‍മങ്ങള്‍ ഫലിക്കാതെ വന്നതോടെ ഇത് കൃഷ്ണന് കാരണമാണെന്ന് വിശ്വസിച്ചു.
കൃഷ്ണെൻറ കൈവശമുള്ള താളിയോല ഗ്രന്ഥങ്ങള്‍ കൈവശപ്പെടുത്താനുമായിരുന്നു കൊല. എന്നാൽ, പിന്നീട് വീടിൽ സൂക്ഷിച്ച പണവും സ്വർണാഭരണങ്ങളും സ്വന്തമാക്കാനായിരുന്നു കരുതിക്കൂട്ടിയുള്ള കൂട്ടക്കൊലയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അടുത്തിടെ കേസിലെ ഒന്നാംപ്രതി തേവർകുടിയിൽ അനീഷിനെ വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.