ഓട്ടവ: ഇന്ത്യൻ വംശജരായ ദമ്പതികളെയും മകളെയും കാനഡയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. രാജീവ് വാരികൂ(51), ഭാര്യ(ശിൽപ കൊത്ത), മകൾ മഹേക് വാരികൂ(16) എന്നിവരാണ് മരിച്ചത്. വീട്ടിൽ ദുരൂഹ സാഹചര്യത്തിലുണ്ടായ തീപ്പിടിത്തമാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലാണ് ഇവരുടെ വീട്. മാർച്ച് ഏഴിനാണ് മരണം സംഭവിച്ചത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ തിരിച്ചറിഞ്ഞത്.
താമസസ്ഥലത്തുണ്ടായ തീപ്പിടിത്തം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രാഥമിക മരണകാരണമായി പറഞ്ഞത്. എന്നാൽ കൂടുതൽ അന്വേഷിച്ചപ്പോൾ തീപ്പിടിത്തത്തിൽ ദുരൂഹതയുണ്ടെന്നു കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടിൽ നിന്ന് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നതായി അയൽപക്കത്ത് താമസിച്ചിരുന്നവർ പൊലീസിനോട് പറഞ്ഞു.
ടൊറന്റോ പൊലീസിൽ വോളന്റിയർ ആയിരുന്നു രാജീവ് വാരികൂ. 2016ൽ അദ്ദേഹത്തിന്റെ സർവീസ് കാലാവധി അവസാനിച്ചിരുന്നു. വളർന്നു വരുന്ന ഫുട്ബോൾ താരമായിരുന്നു മഹെക് വാരികൂ. നോർത്ത് അമേരിക്കയിലുടനീളമുള്ള പ്രശസ്തമായ സർവകലാശാലകളിൽ സ്കോളർഷിപ്പ് നേടാനുള്ള കഴിവുള്ള അസാധാരണ പ്രതിഭയായിരുന്നു മഹെക് എന്ന് പരിശീലകൻ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.