കളമശ്ശേരി: യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ നടന്നയിടത്തുണ്ടായ സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കളമശ്ശേരിയിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകീട്ട് 4.35ഓടെ അന്വേഷണ ഉദ്യോഗസ്ഥൻ സിറ്റി പൊലീസ് ഡി.സി.പി എസ്. ശശിധരന്റെ നേതൃത്വത്തിൽ വൻ പൊലീസ് അകമ്പടിയോടെയാണ് കൺവെൻഷൻ നടന്ന കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് പ്രതി കൺവെൻഷൻ സെന്ററിൽ പ്രവേശിച്ചത് മുതൽ സ്ഫോടന വസ്തുവെച്ച സ്ഥലവും പിന്നിൽ മാറിയിരുന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ചത് വരെയുള്ള കാര്യങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ വിശദീകരിച്ചതായാണ് സൂചന. മൂന്ന് മണിക്കൂറിലേറെ ഹാളിന് അകത്തും പുറത്തും നടന്ന തെളിവെടുപ്പുകൾക്ക് ശേഷം 7.55ഓടെയാണ് പ്രതിയുമായി അന്വേഷണ സംഘം ഇവിടം വിട്ടത്. ഒക്ടോബർ 29നാണ് നാടിനെ നടുക്കിയ സ്ഫോടനം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം രണ്ടായിരത്തിലധികം പേർ പങ്കെടുത്ത കൺവെൻഷന്റെ അവസാന ദിവസമായിരുന്നു സ്ഫോടനം. സംഭവത്തിൽ നാലുപേരാണ് മരിച്ചത്.
കോടതി ഈ മാസം 29വരെ റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ബുധനാഴ്ച രാവിലെ സംറയിൽ തെളിവെടുപ്പിന് എത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കളമശ്ശേരി എ.ആർ ക്യാമ്പിലെത്തിച്ച് വൈകീട്ടാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.