പാലാ: സ്കൂട്ടറിൽനിന്ന് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി റോയിച്ചനാണ് (47) പിടിയിലായത്. പാലാ പൈക സ്വദേശിയായ ജോസഫ്, മകളുടെ വിവാഹ ആവശ്യത്തിനായി ബാങ്കിൽനിന്ന് പിൻവലിച്ച് തന്‍റെ സ്കൂട്ടറിനുള്ളിൽ സൂക്ഷിച്ച പണം, പൈക ബി.എസ്.എന്‍.എല്‍ ഓഫിസിന് മുൻവശം വാഹനം പാർക്ക് ചെയ്തതിനുശേഷം മാറിയ സമയത്ത് റോയ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ജോസഫിന്‍റെ പരാതിയെ തുടർന്ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണസംഘം ജോസഫ് ബാങ്കിൽനിന്ന് പണം പിന്‍വലിച്ചതുമുതൽ പ്രതിയായ റോയിച്ചൻ ജോസഫിന്‍റെ പുറകെ സ്കൂട്ടറിൽ പിന്തുടരുന്ന ദൃശ്യവും പൈക ബി.എസ്.എൻ.എൽ ഓഫിസിന്‍റെ മുൻവശം പാർക്ക് ചെയ്ത സ്കൂട്ടറിൽനിന്ന് മോഷ്ടിക്കുന്ന ദൃശ്യവും കണ്ടെത്തി. മോഷണശേഷം പ്രതി രാമപുരത്തെ ബാങ്കിലെത്തി തന്‍റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും പരിശോധനയില്‍ വ്യക്തമായി.
തൃശൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ തിരിച്ചറിയുന്നതിന് 72ഓളം സി.സി ടി.വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. പ്രതിക്ക് ആലത്തൂര്‍, നെന്മാറ, അങ്കമാലി സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഒമാരായ ജസ്റ്റിൻ, ജോഷി മാത്യു, രഞ്ജിത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.