കോഴിക്കോട്: ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി മയക്കുമരുന്ന് ഉപഭോക്താക്കളും വിൽപനക്കാരും പിടിയിലായി. മെഡിക്കൽ കോളജ്, കസബ, വെള്ളയിൽ, പന്നിയങ്കര, ഫറോക്ക്, പന്തീരാങ്കാവ് എന്നി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത ആറ് കേസുകളിൽ ഒരു ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ ഏഴുപേർ വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം അറസ്റ്റിലായി. കഞ്ചാവ് ഉപയോഗിച്ചതിന് 19 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രന്റെ നിർദേശപ്രകാരമാണ് മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ ഓപറേഷൻ ഡി ഹണ്ട് - സ്പെഷൽ ഡ്രൈവ് വിവിധ സ്റ്റേഷനുകളുടെ നേതൃത്വത്തിൽ നടന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആളൊഴിഞ്ഞ ചില സ്ഥലങ്ങൾ സാമൂഹിക വിരുദ്ധർ താവളമാക്കി ലഹരി വിൽപനയും ഉപയോഗവും നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൻസാഫ് സ്ക്വാഡും ലോക്കൽ സ്റ്റേഷനുകൾക്കൊപ്പം നിരീക്ഷണം ശക്തമാക്കി.
ബസ് സ്റ്റാൻഡുകൾ, വിദ്യാലയങ്ങളുടെ പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സിറ്റി ഡൻസാഫ് സ്ക്വാഡിന്റെ സ്ഥിരം നിരീക്ഷണം ഉണ്ടാകുമെന്നും, ലഹരി ഉപയോഗിക്കുന്നവരെയും വിൽപനക്കാരെയും പിടികൂടുമെന്നും നാർകോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസ് പറഞ്ഞു.
യുവാക്കളും വിദ്യാർഥികളും കൂടുതലായി രാസലഹരി ഉപയോഗത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവും പൊലീസ് ശക്തമാക്കി. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ബോധവത്കരണം. ബംഗളൂരു, ഗോവ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും എം.ഡി.എം.എ അടക്കമുള്ള രാസലഹരി കോഴിക്കോട്ടേക്ക് എത്തുന്നത്.
കോഴിക്കോട്: രാമാനാട്ടുകര ഭാഗത്ത് വിൽപനക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം കൊളത്തൂർ സ്വദേശി പടപറമ്പ് കപോടത്ത് ഹൗസിൽ കെ. മുനീറിനെയാണ് (34) കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സ്ക്വാഡും എസ്.ഐ ആർ.എസ്. വിനയന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.
ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മലപ്പുറത്തുനിന്നും ഗുഡ്സ് ഓട്ടോയിൽ കൊണ്ടുവന്ന കഞ്ചാവ് പിടിച്ചത്. വിപണിയിൽ ഗ്രീൻസ് എന്നറിയപ്പെടുന്ന രണ്ട് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം 105 ഗ്രാം എം.ഡി.എം.എയുമായി ബി.ബി.എ വിദ്യാർഥി മലപ്പുറം മോങ്ങം സ്വദേശി ശ്രാവൺ സാഗറിനെ രാമനാട്ടുകര മേൽപാലത്തിന് താഴെനിന്നും 31.70 ഗ്രാം എം.ഡി.എം.എയുമായി കോവൂർ സ്വദേശി അനീഷിനെയും തിരുവനന്തപുരം വെള്ളകടവ് സ്വദേശി സനൽ കുമാറിനെയും ചെറുവറ്റക്കടവിൽ നിന്നും അറസ്റ്റുചെയ്തിരുന്നു. ഡൻസാഫ് എസ്.ഐ മാരായ മനോജ് ഇടയേടത്ത്, കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, എൻ.കെ. ശ്രീശാന്ത്, പി. അഭിജിത്ത്, ഇ.വി. അതുൽ, ഫറോക്ക് സ്റ്റേഷനിലെ സനൂപ്, സുമേഷ്, ശന്തനു എന്നിവരാണ് മുനീറിനെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.