തൊടുപുഴ: ലഹരിക്കെതിരെ പരിശോധന കടുപ്പിച്ച് പൊലീസ്. ലഹരിമരുന്ന് ഉപയോഗവും വിൽപനയും തടയാൻ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ആരംഭിച്ച ഓപറേഷൻ ഡി ഹണ്ട് പരിശോധന തുടരുകയാണ്.
ഫെബ്രുവരി 22 മുതൽ കഴിഞ്ഞ 13 വരെ 4196 പേരെയാണ് പരിശോധിച്ചത് 151 കേസുകൾ രജിസ്റ്റർ ചെയ്തു. 52 പേരെ അറസ്റ്റ്ചെയ്തു. ഏഴ് പേരെ ജയിലിലേക്ക് അയച്ചു. പരിശോധനകളിൽ 2106.766 ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. 1.75 ഗ്രാം എം.ഡി.എം.എ, 105 ഗ്രാം ഹാഷിഷ് ഓയിൽ, 0.97 ഗ്രാം മെത്താംഫിറ്റമിൻ, 102 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് കണ്ടെത്തി.
ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലാണ് വിവിധ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടപടി.
ബസ് സ്റ്റാൻഡുകൾ, ലോഡ്ജുകൾ, ആളൊഴിഞ്ഞ ഇടങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പരിശോധന. ഡോഗ് സ്ക്വാഡിനു പുറമെ, ഡാൻസാഫ്, എൻഡിപിഎസ് ഉൾപ്പെടെ വിവിധ സ്ക്വാഡുകളും പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുന്ന സംഘമാണെത്തുന്നത്.
അതത് സബ് ഡിവിഷൻ ഡിവൈ.എസ്.പിമാർ, എസ്.എച്ച്.ഒമാർ, സബ് ഇൻസ്പെക്ടർമാർ എന്നിവരാണ് പരിശോനകൾക്ക് നേതൃത്വം നൽകുന്നത്. ജില്ലയിലുടെനീളം നിരന്തര പരിശോധനകൾ നടത്തുമെന്നും ലഹരി മാഫിയക്കെതിരെ കർശന നടപടികൾ തുടരുമെന്നും ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് പറഞ്ഞു.
ലഹരിവസ്തു കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയിൽപെട്ടാൽ കേരള പൊലീസിന്റെ ‘യോദ്ധാവ്’ വാട്സ്ആപ്പ് നമ്പരിലേക്ക് 9995966666 സന്ദേശം അയയ്ക്കാം. സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കും. ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ല നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.