വിദ്യാർഥിനികൾക്ക് പീഡനം: കർണാടകയിൽ മഠാധിപതിയടക്കം അഞ്ചുപേർക്കെതിരെ പോക്സോ കേസ്

ബംഗളൂരു: ഹൈസ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ചിത്രദുർഗ മുരുക മഠാധിപതി ശിവമൂർത്തി മുരുക ശരണരുവടക്കം അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ല ബാല വികസന-സംരക്ഷണ യൂനിറ്റ് ഓഫിസർ ചന്ദ്രകുമാറിന്റെ പരാതിയിൽ മൈസൂരു നസർബാദ് പൊലീസാണ് പോക്സോ ആക്ട് പ്രകാരം കേസെടുത്തത്.

രണ്ടുവർഷമായി മഠാധിപതി തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവർ അതിന് ഒത്താശചെയ്തെന്നുമുള്ള രണ്ടു പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിന്റെ വാർഡനും കേസിൽ പ്രതിയാണ്.

മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഒടനടി സേവാ സമസ്തെ' സന്നദ്ധ സംഘടനയെ പെൺകുട്ടികൾ സമീപിച്ച് പീഡനവിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഘടന പ്രവർത്തകർ ജില്ല ബാല സംരക്ഷണ യൂനിറ്റിനെ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ കേസ് ചിത്രദുർഗ പൊലീസിന് കൈമാറും.

മഠാധിപതി മുരുക ശരണരുവിനെതിരായ പീഡനക്കേസിൽ സത്യമില്ലെന്ന് ചിത്രദുർഗ മുരുകമഠ ഉപദേശക സമിതി അംഗം എൻ.ബി. വിശ്വനാഥ് പ്രതികരിച്ചു. മഠാധിപതിയെ മാനസികമായി പീഡിപ്പിക്കുകയാണ് കേസിന്റെ ലക്ഷ്യമെന്നും മഠത്തിന്റെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ബസവരാജനാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ മഠാധിപതിക്ക് മുൻകൂർജാമ്യം നേടാൻ അഭിഭാഷകരുടെ സഹായത്തോടെ ശ്രമം നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യട്ടെയെന്നും എന്നാൽ, അതിനുമുമ്പുള്ള അറസ്റ്റ് ലക്ഷക്കണക്കിന് ഭക്തരുടെ വികാരത്തെ വേദനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുരുകമഠം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്.കെ. ബസവരാജൻ, ഭാര്യ സൗഭാഗ്യ എന്നിവർക്കെതിരെ യുവതിയുടെ പരാതിയിൽ ലൈംഗിക പീഡനത്തിന് ചിത്രദുർഗ പൊലീസ് മറ്റൊരു കേസെടുത്തിട്ടുണ്ട്. പരിശോധനയുടെ പേരിൽ ബസവരാജൻ ഹോസ്റ്റൽ റൂമിൽ കയറി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.

Tags:    
News Summary - POCSO case against five people including the head of the monastery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.