തിരുവല്ല (പത്തനംതിട്ട): തിരുവല്ല കുറ്റൂരിൽ ലോക്ഡൗൺ ലംഘിച്ച് പൊതുയോഗം ചേർന്ന സി.പി.എം പ്രവർത്തകർക്കെതിരെ കേസ്. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആറിൽ ആരുടെയും പേരുകൾ ചേർത്തിട്ടില്ല. എന്നാൽ, സി.പി.എം പ്രവർത്തകരെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.
സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ചയാണ് കോവിഡ് മാനദണ്ഡം ലംഘിച്ച് വിവിധ പാർട്ടികളിൽ നിന്നെത്തിയവർക്ക് സി.പി.എം അംഗത്വം നൽകുന്ന പൊതുയോഗം കുറ്റൂരിൽ സംഘടിപ്പിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, മുൻ സെക്രട്ടറി അഡ്വ. എൻ. അനന്തഗോപൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
കൂടാതെ, തിരുവല്ലയില്‍ കഴിഞ്ഞ മാസം മതില് തകര്‍ത്ത് വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ചുവും നേതാക്കള്‍ക്കൊപ്പം യോഗത്തിലുണ്ടായിരുന്നു. കേസില്‍ ഏഴാം പ്രതിയായ സഞ്ജുവിനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പരിപാടിക്കെതിരെ കോൺഗ്രസും ബി.ജെ.പിയും രംഗത്തുവന്നിരുന്നു. ഡി.സി.സി പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ചടങ്ങിൽ ആളുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞ് നൂറോളം പേർക്കെതിരെ കേസെടുത്ത പൊലീസ് ഇതിനെതിരെയും നടപടിയെടുക്കാൻ തയാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
സി.പി.എം നേതാക്കൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴയാണ് തിരുവല്ല ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.