നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഡിജിറ്റൽ അറസ്റ്റിന്റെ മറവിൽ രണ്ട് പേരിൽ നിന്നായി 96,54,047 രൂപ കവർന്ന സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ മൂന്നുപേരെ നാഗർകോവിൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കിഷൻദാസ് (19), ജിവെട് കുമാർ (28), സുരേഷ് കുമാർ(31) എന്നിവരെ അറസ്റ്റ് ചെയ്ത് കന്യാകുമാരിയിലെത്തിച്ച് ജയിലിൽ അടച്ചു. തിങ്കൾച്ചന്തക്ക് സമീപം കുരുന്തൻകോട് സ്വദേശിയായ റിട്ട. കേന്ദ്ര ഉദ്യോഗസ്ഥൻ, നാഗർകോവിൽ സ്വദേശിയായ റിട്ട. പ്രൊഫസർ എന്നിവർക്കാണ് പണം നഷ്ടമായത്. കുരുന്തൻകോട് സ്വദേശിക്ക് എഴുപത് ലക്ഷം രൂപയും നാഗർകോവിൽ സ്വദേശിക്ക് 26 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.
രണ്ടു സംഭവങ്ങൾക്ക് പിന്നിലും ഒരേ സംഘമാണെന്ന് കേസന്വേഷിച്ച സൈബർ ക്രൈം ഇൻസ്പെക്ടർ ആർ. സ്വർണറാണി, എസ്.ഐ അജ്മൽ ഉൾപ്പെട്ട സംഘം കണ്ടെത്തി. ഏതാനും മാസം മുമ്പ് വീഡിയോ കോളിൽ കുരുന്തൻകോട് സ്വദേശിയെ വിളിച്ച സംഘം അക്കൗണ്ടിൽ നിന്നു പണം മയക്കുമരുന്ന് സംഘത്തിന് പോയിട്ടുണ്ടെന്ന് പറഞ്ഞശേഷം ആർ.ബി.ഐയുടേതെന്നു പറഞ്ഞ് ഒരു അകൗണ്ട് നമ്പർ നൽകി. അതിൽ പണം അയച്ചുകൊടുത്തതോടെ വീഡിയോ കോൾ ബന്ധം അവസാനിച്ചു. തിരികെ വിളിച്ചപ്പോൾ നമ്പറിൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. തുടർന്നാണ് കബളിക്കപ്പെട്ട വിവരം മനസ്സിലായി സൈബർ ക്രൈം വിഭാഗത്തെ സമീപിച്ചത്. പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥരെ ജില്ല പൊലീസ് മേധാവി ഡോ. ആർ. സ്റ്റാലിൻ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.