ലണ്ടൻ: ദക്ഷിണ പടിഞ്ഞാറൻ ഇംഗ്ലീഷ് നഗരമായ പ്ലിമത്തിൽ ആറുമിനിറ്റിനിടെ തോക്കുധാരി മൂന്നുവയസുകാരിയുൾപ്പെടെ അഞ്ചുപേരെ വെടിവെച്ചു െകാലപ്പെടുത്തി. ഗാർഹികാതിക്രമവുമായി ബന്ധപ്പെട്ട കേസാണിതെന്ന് പൊലീസ് അറിയിച്ചു.
ആക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. പ്ലിമത്തിലെ കീഹാം പ്രദേശത്ത് വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ക്രെയിൻ ഓപ്പറേറ്ററായ ജാക് ഡേവിസൺ എന്ന 22കാരനാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. നാലുപേർ സംഭവസ്ഥലത്ത് െവച്ച്തന്നെ മരിച്ചു.
ആക്രമിയുടെ മൃതദേഹവും കണ്ടെടുത്തു. വെടിവെപ്പിൽ പരിക്കേറ്റ ഒരു സ്ത്രീ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. വെടിവെക്കുന്ന ശബ്ദവും അലർച്ചയും മറ്റും കേട്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ആയുധധാരിയും മരിച്ചവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി.
ആഭ്യന്തര സെക്രട്ടറി പ്രീതി പേട്ടൽ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. ബ്രിട്ടനിൽ വെടിവെപ്പ് കൊലപാതകങ്ങൾ അപൂർവമായേ നടക്കാറുള്ളൂ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പ്ലിമത്ത് പൊതുവേ ശാന്തമായ ഇടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.