കൊല്ലപ്പെട്ട
സോമന് പിള്ള,അറസ്റ്റിലായ
അരുണ്‍
ഹരിപ്പാട്: ചേപ്പാട് വലിയകുഴിയില്‍ വഴക്കിനിടെ ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു. അരുണ്‍ ഭവനത്തില്‍ സോമന് പിള്ളയാണ് (62) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് അരുണ്‍ എസ്. നായരെ (29) കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ അരുണും സോമന് പിള്ളയുമായി വാക്തർക്കമുണ്ടായി.
തുടര്‍ന്ന് ഇരുവരും വീടിന് പുറത്തേക്ക് പോയി. കുറേസമയം കഴിഞ്ഞ് അരുണ്‍ വീട്ടിലെത്തി ഭാര്യയോട്, അച്ഛന് പുറത്ത് വീണുകിടക്കുന്നതായി പറഞ്ഞു. തുടര്‍ന്ന് ഇരുവരും ചേർന്ന് സോമന് പിള്ളയെ ആംബുലൻസിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വീണ് പരിക്കേറ്റതായാണ് ആശുപത്രിയിൽ പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സോമന്‍പിള്ള മരണപ്പെട്ടിരുന്നു.
അരുണിനെയും ഭാര്യയെയും അമ്മ പ്രസന്നകുമാരിയെയും പൊലീസ് മൊഴിയെടുക്കാനായി വിളിപ്പിച്ചപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. അരുണിന്റെ മൊഴിയിലെ വൈരുധ്യങ്ങൾ ശ്രദ്ധയില്‍പെട്ട പൊലീസ്, വിശദമായി ചോദ്യം ചെയ്തപ്പോൾ താൻ കത്തികൊണ്ട് കുത്തപ്പരിക്കേല്പിച്ചതായി സമ്മതിച്ചു.
ഇരുവരും വൈകീട്ട് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുള്ളതിനാല്‍ വീട്ടുകാര്‍ സംഭവം ശ്രദ്ധിച്ചിരുന്നില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം ശനിയാഴ്ച. സോമൻപിള്ളയുടെ മകള്‍ അരുന്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.