അങ്കമാലി: സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പേരിൽ പൊലീസ് കേസെടുത്തു. കോഴിക്കോടുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസാണ് തിങ്കളാഴ്ച രാവിലെ അങ്കമാലി സെൻട്രൽ ജങ്ഷനിൽ സ്കൂട്ടർ യാത്രികനെ ഇടിച്ചത്.
അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന അങ്കമാലി കിടങ്ങൂർ വടക്കഞ്ചേരി വീട്ടിൽ ബിനു (49), കിടങ്ങൂർ സ്വദേശി ടിജോ ജോസഫ് (42) എന്നിവർക്കാണ് പരിക്കേറ്റത്. നടുറോഡിൽ തെറിച്ചുവീണ ബിനുവിെൻറ തലക്കും, കൈക്കും സാരമായി പരിക്കേറ്റു. അപകടം അറിഞ്ഞ ഡ്രൈവർ ബസിൽ നിന്നിറങ്ങുകയോ, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനോ തയാറാകാതെ അൽപസമയം ബസ് റോഡിൽ നിർത്തിയിട്ടശേഷം യാതൊരു പരിഹാരവും നൽകാതെ യാത്ര തുടരുകയായിരുന്നുവെന്നാണ് പരാതി. ബിനുവിനെ പിന്നീട് ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
എസ്.എച്ച്.ഒ സോണി മത്തായിയുടെ നേതൃത്വത്തിൽ സെൻട്രൽ ജങ്ഷനിലെ സി.സി.ടി.വി കാമറ പരിശോധിച്ചാണ് കോഴിക്കോട് ഡിപ്പോയിലെ കെ.എൽ - 15എ 410 (ആർ.എസ്.കെ 833) നമ്പർ ബസാണ് അപകടത്തിനിടയാക്കിയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് ബസ് ഓടിച്ചിരുന്ന ശിവദാസെൻറ പേരിൽ അങ്കമാലി പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.