വാടാനപ്പള്ളി: തളിക്കുളം ഇടശ്ശേരിയിൽ അടച്ചിട്ട ഇരുനില വീടിന്റെ വാതിൽ തകർത്ത് മോഷണം. സെന്ററിന് കിഴക്ക് പുതിയ വീട്ടിൽ ഷിഹാബിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. വീടിന്റെ കൂറ്റൻ ഗേറ്റ് ചാടിക്കടന്ന മോഷ്ടാവ് കമ്പിപ്പാര, ചുറ്റിക എന്നിവ ഉപയോഗിച്ച് മുൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറുകയായിരുന്നു. ദുബൈയിലുള്ള വീട്ടുകാർ ബുധനാഴ്ച പുലർച്ചെ നാട്ടിലെത്തും. ഇവർ വന്നാലേ എന്തെല്ലാം നഷ്ടപ്പെട്ടൂവെന്ന് പറയാൻ കഴിയൂ.
വീടിന്റെ അടിയിലേയും മുകളിലേയും മുറികളിലെ നാല് അലമാരകളും ആറ് ഷെൽഫുകളും പൊളിച്ച് പരിശോധന നടത്തിയിട്ടുണ്ട്. സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. മുകൾ നിലയിലെ വാതിലും പൊളിച്ച നിലയിലാണ്. വീടിന് പുറത്തടക്കം ആറ് സി.സി.ടി.വി കാമറകളുണ്ട്. ഇവയുടെ ഹാർഡ് ഡിസ്കും ഡി.വി.ആറും വയറുകൾ അറുത്തുമാറ്റി കൊണ്ടുപോയി. അലമാരയിൽ വില പിടിപ്പുള്ള മൂന്ന് മൊബൈൽ ഫോണുകൾ സൂക്ഷിച്ചിരുന്നു. വീട്ടുകാർ ദുബൈയിലായതിനാൽ ബന്ധുവായ മുഹമ്മദാണ് വീട് നോക്കി വരുന്നത്. ഇയാൾ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ വീട്ടിലെ വളർത്തുമത്സ്യങ്ങൾക്ക് ഭക്ഷണം നൽകാനും ചെടികൾ നനക്കാനുമായി വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടൻ ഷിഹാബിനെയും വാടാനപ്പള്ളി പൊലീസിനേയും വിവരം അറിയിച്ചു.
അതേസമയം, ഷിഹാബിന്റെ വീടിന് സമീപം മറ്റൊരു സ്വകാര്യ വ്യക്തിയുടെ കെട്ടിടനിർമാണം നടന്നുവരുന്നുണ്ട്. ഇവിടെ നിന്ന് കമ്പിപ്പാരയും ചുറ്റികയും അടക്കമുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവ ഉപയോഗിച്ചാണ് വാതിൽ തകർത്ത് മോഷണം നടത്തിയതെന്നാണ് സൂചന. വൈകീട്ട് 5.45ഓടെ പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.