മംഗലപുരം: മോഹനപുരം ഖബറഡിയിൽ കടയ്ക്കുള്ളിലിട്ട് യുവാവിനെ വെട്ടിയ കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളെ മംഗലപുരം പൊലീസ് പിടികൂടി. മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ് അഷ്റഫ് (30), മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം എ.ആർ.എസ് മൻസിലിൽ ഷഹീൻ കുട്ടൻ (30)എന്നിവരാണ് പിടിയിലായത്.
കാപ്പ കേസിൽ തടവിൽ കഴിഞ്ഞിറങ്ങിയ ഇവർ വധശ്രമം, അടിപിടി, കഞ്ചാവ് കേസുകളിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. മോഹനപുരം ഖബറഡി നെടുവം ദാരുൽ ഇഹ്സാൻ വീട്ടിൽ നൗഫലിക്ക് (27) ഈ മാസം നാലിനാണ് വെട്ടേറ്റത്. ജങ്ഷന് സമീപം ബൈക്കിലെത്തിയ പ്രതികൾ നൗഫലിനെ വെട്ടിയെങ്കിലും രക്ഷപ്പെടാൻ തൊട്ടടുത്തുള്ള കടയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ അക്രമികൾ കടയ്ക്കകത്ത് കയറി നൗഫലിനെ വെട്ടിവീഴ്ത്തി.
കൈകാലുകൾക്ക് ആഴത്തിൽ മുറിവേൽക്കുകയും അസ്ഥികൾക്ക് പൊട്ടലേൽക്കുകയും ചെയ്ത നൗഫൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നാം പ്രതിയായ മുഹമ്മദ് അഷ്റഫിന്റെ സഹോദരൻ മുഹമ്മദ് അൻസർ കാപ്പ നിയമപ്രകാരം ജയിലിലാണ്.
നൗഫലിന്റെ ബന്ധുവായ അജ്മലുമായി ഉണ്ടായ അടിപിടിക്ക് ശേഷമാണ് അയാൾ കാപ്പ കേസിൽ അകത്തായത്. ഇതാണ് വിരോധത്തിനും ആക്രമണത്തിനും കാരണമായത്. കല്ലൂരിൽ അജ്മൽ ജോലി ചെയ്യുന്ന സ്ഥലത്ത് പ്രതികൾ അന്വേഷിച്ച് എത്തിയെങ്കിലും കാണാത്തതിനെ തുടർന്ന് മോഹനപുരം ഖബറഡിയിലെത്തിയപ്പോഴാണ് നൗഫലിനെ കണ്ടത്.വെട്ടുകത്തി കൊണ്ട് പല തവണ നൗഫലിനെ വെട്ടിയ സംഘം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു.
തുടർന്ന് മുംബെയിലേയ്ക്ക് ഒളിവിൽ പോയ പ്രതികൾ പണം തീർന്നതിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങുന്ന വിവരം പൊലീസിന് ലഭിച്ചു. കൊച്ചി മുതൽ ട്രെയിനുകളിൽ മംഗലപുരം പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. തിരുവനന്തപുരത്തേക്ക് ട്രെയിനിൽ വന്ന പ്രതികളെ കൊച്ചുവേളിയിൽ വച്ചാണ് പിടികൂടിയത്.
സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വെട്ടാൻ ഉപയോഗിച്ച ആയുധങ്ങളും രക്ഷപ്പെട്ട ബൈക്കും കൊല്ലത്തു നിന്ന് പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.