തൊടുപുഴ: ബോധവത്കരണവും നിയമ നടപടികളും ശക്തമാക്കുമ്പോഴും ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ കുറയുന്നില്ല. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ഇവർക്കെതിരായ അതിക്രമങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്. ഈ വർഷം ജൂൺ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കുട്ടികളുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ മാത്രം 63 എണ്ണമാണ്. ഇതിൽ 61 എണ്ണവും ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. 2021ൽ 109 കേസാണ് മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ ആറുമാസത്തെ മാത്രം കണക്കാണിത്. ലൈംഗികാതിക്രമം, സംരക്ഷണം നൽകാതിരിക്കൽ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ശൈശവ വിവാഹം എന്നിവയാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യങ്ങൾ. ഭൂരിഭാഗം കേസിലും പരിചയക്കാരോ ബന്ധുക്കളോ രക്ഷിതാക്കളോ ആണ് പ്രതിസ്ഥാനത്ത്. കുട്ടികൾക്കെതിരായ അതിക്രമം സംബന്ധിച്ച് ജില്ല ശിശുക്ഷേമ സമിതികൾക്ക് പ്രതിവർഷം നൂറുകണക്കിന് പരാതി ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. 13 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളാണ് കൂടുതലും അതിക്രമത്തിന് ഇരകളാകുന്നത്. ഈ വർഷം ജൂൺ വരെ ജില്ലയിൽ ഒരു ശൈശവ വിവാഹമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ലൈംഗിക അതിക്രമങ്ങൾ കൂടുന്നു
ജില്ലയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും വർധിക്കുന്നു. ജനുവരി മുതൽ ആറ് മാസത്തിനിടെ 169 കേസാണ് റിപ്പോർട്ട് ചെയ്തതത്. ഇതിൽ 17 എണ്ണം ലൈംഗിക അതിക്രമമാണ്. ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നുമുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 49 കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സ്ത്രീകളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് 60 കേസും ജില്ലയിലുണ്ടായി. 41 മറ്റ് ഇതര കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപമാനം ഭയന്ന് പരാതി ഒഴിവാക്കുന്നു
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസിന്റെയും ചൈൽഡ് ലൈനിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ബോധവത്കരണ പ്രവർത്തനങ്ങൾക്കിടയിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുമുണ്ട്. പലരും അപമാനം ഭയന്ന് പ്രതികരിക്കാൻ മടിക്കുകയാണ്. ഒറ്റപ്പെടുമോയെന്നുള്ള ഭീതിയും ഇത്തരം കേസുകൾ മറച്ചുപിടിക്കാൻ കാരണമാകുന്നു. ഇവർക്കിടയിൽ വനിത സംഘടനകളുടെയും കമീഷന്റെയുമടക്കം നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്.
വിളിക്കാം 1098
കുട്ടികൾക്കെതിരെയുള്ള അതിക്രമം, ചൂഷണംഎന്നിവ ശ്രദ്ധയിൽപെട്ടാൽ 1098 അല്ലെങ്കിൽ 1517 നമ്പറുകളിൽ വിളിക്കാം. സൗജന്യമായി 24 മണിക്കൂറും സേവനം. കൂടാതെ ജില്ല ശിശുസംരക്ഷണ യൂനിറ്റിന്റെ 04862-200108 എന്ന നമ്പറിലും വിളിക്കാം.
അടിയന്തര സഹായത്തിന് 1091
സ്ത്രീകൾക്കു സുരക്ഷ പ്രശ്നങ്ങൾ നേരിട്ടാൽ ഏതുസമയത്തും രക്ഷയുടെ കരംനീട്ടാൻ 1091 എന്ന ഹെൽപ്ലൈൻ നമ്പർ സജീവം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണിത്. വിളിക്കുന്നയാളുടെ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥർ ഉടനെത്തും.
വനിത സെൽ ഇടുക്കി: 04862-236600
വനിത ഹെൽപ് ലൈൻ കട്ടപ്പന: 94979 32403
വനിത ഹെൽപ് ലൈൻ തൊടുപുഴ: 04862-229100
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.