തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 21 മാസത്തിനിടെ ആത്മഹത്യ ചെയ്തത് 3262 സ്ത്രീകൾ. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിന് സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയും ഇടതുമുന്നണിയും ആവർത്തിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ സർക്കാർ തന്നെ നിയമസഭയിൽ െവച്ചത്. 2020 ജനുവരി മുതൽ 2021 സെപ്റ്റംബർ 30 വരെ പീഡനവും അക്രമവും സഹിക്കവയ്യാതെ 67,779 പരാതികളാണ് സർക്കാറിന് മുന്നിലെത്തിയത്. ഇതിൽ 3556 പരാതികൾ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരിട്ട് ലഭിച്ചവയാണ്. ലഭിച്ച പരാതികളിൽ 64940 പരാതികൾ തീർപ്പാക്കിയതായും രേഖകൾ പറയുന്നു
2016 മുതൽ 2021 സെപ്റ്റംബർ വരെ 11,227 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായി. ഇക്കാലയളവിൽ ഏഴ് പേരാണ് പ്രണയാഭ്യർഥന നിരസിച്ചതിന് കൊല്ലപ്പെട്ടത്. സ്ത്രീധനവുമായി ബന്ധപ്പെട്ട്് അഞ്ചുവർഷത്തിനിടെ 90 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ഒരാൾപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 21 മാസത്തിനിടെ 14 സ്ത്രീകൾ സ്ത്രീധനത്തിെൻറ പേരിൽ ആത്മഹത്യ ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 165 സ്ത്രീധന മരണങ്ങളാണ്.
സ്റ്റേഷനുകളിൽ എത്തുന്ന പീഡന, സ്ത്രീധന പരാതികൾ നല്ലൊരു ശതമാനവും പൊലീസുകാർ നേരിട്ട് തന്നെ ഒതുക്കിത്തീർക്കുകയാണ് പതിവ്. കഴിഞ്ഞ ഒക്ടോബറിൽ പീഡനക്കേസിൽ ഇരയുടെ മാതാപിതാക്കളോട് പൊലീസ് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പീഡനക്കേസിലാണ് കോടതി ഇടപെടൽ. സംഭവത്തിൽ ഇതുവരെ കുറ്റക്കാർക്കെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തിട്ടില്ല. ഭർത്താവ് മർദിച്ചെന്ന പരാതി പൊലീസ് ഒതുക്കിയതിന് പിന്നാലെയാണ് കൊല്ലത്തെ വിസ്മയ ജീവനൊടുക്കിയത്.
ഭർത്താവിെൻറയും ഭർതൃവീട്ടുകാരുടെയും ക്രൂരപീഡനത്തെക്കുറിച്ച് മൂന്നുവട്ടം പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ് ഒത്തുതീർപ്പ് നടത്തിയതിനെ തുടർന്ന് പയ്യന്നൂരിൽ 26കാരി സുനിഷ ജീവനൊടുക്കി. ഗാർഹിക-സ്ത്രീധന പീഡനങ്ങൾ നേരിടുന്നവർ മിസ് കാൾ ചെയ്താൽ പൊലീസ് അന്വേഷിച്ചെത്തുമെന്ന് ഡി.ജി.പി പ്രഖ്യാപിച്ച് ആറുമാസം തികയും മുമ്പാണ് ഗാർഹികപീഡന പരാതി നൽകി 25 ദിവസം കാത്തിരുന്നിട്ടും നീതികിട്ടാതെ ആലുവയിലെ മൊഫിയക്ക് ജീവനൊടുക്കേണ്ടി വന്നത്.
കേസ് 2016 2017 2018 2019 2020 2021 (സെപ്റ്റ. വരെ)
ബലാത്സംഗം 1656 2003 2005 2023 1880 1660
പീഡനം 4029 4413 4544 4507 3890 2898
ഭർതൃ-ബന്ധു
പീഡനം 3455 2856 2046 2970 2707 3252
സത്രീധന-
പീഡന മരണം 25 1 2 17 8 6 8
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.