പട്ടാപ്പകൽ സ്ത്രീകൾക്കുനേരെ അതിക്രമം പ്രതി ഒരാളെന്ന നിഗമനത്തിൽ പൊലീസ്

കൊച്ചി: നഗരത്തിൽ പട്ടാപ്പകൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിക്കായി തിരച്ചിൽ വ്യാപകമാക്കി പൊലീസ്. വ്യാഴാഴ്ച പ്രഭാത സൈക്കിൾ സവാരിക്കിറങ്ങിയ വനിതയെയും കാൽനടക്കാരായ രണ്ട് സ്ത്രീകളെയുമാണ് കടന്നുപിടിക്കാൻ ശ്രമമുണ്ടായത്.

എറണാകുളം സൗത്ത്, കടവന്ത്ര സ്റ്റേഷനുകളിലായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് രണ്ട് സംഭവത്തിലെയും പ്രതി ഒരാളാണെന്ന നിഗമനത്തിലാണ് ടൗൺ സൗത്ത് പൊലീസ്. സുസുകി ആക്സസ് സ്കൂട്ടറിലെത്തിയയാളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

കടവന്ത്ര ജങ്ഷനും മെട്രോ സ്റ്റേഷനും ഇടയിലുള്ള സ്ഥലത്തുവെച്ചാണ് സൈക്കിൾ സവാരിക്കെത്തിയ സ്ത്രീക്കുനേരെ അതിക്രമമുണ്ടായത്. സ്കൂട്ടറിലെത്തി കടന്നുപിടിക്കുകയായിരുന്നു. പിന്നാലെയെത്തിയ ട്രെയിനർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇരുചക്രവാഹനം വേഗത്തിൽ കടന്നുപോയി. പനമ്പിള്ളിനഗറിൽ നടക്കാനിറങ്ങിയ രണ്ട് വീട്ടമ്മമാരാണ് മറ്റ് പരാതിക്കാർ. സ്കൂട്ടറിലെത്തിയയാൾ കടന്നുപിടിക്കുകയായിരുന്നു. പ്രതികരിക്കാൻ ശ്രമിച്ചപ്പോൾ വേഗത്തിൽ വണ്ടി വിട്ടുപോയെന്നും അവർ പരാതിയിൽ പറയുന്നു. വനിതദിനവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ സുരക്ഷ‍ ഉറപ്പാക്കാൻ വിവിധ പദ്ധതികളും പരിപാടികളും നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് പട്ടാപ്പകൽ അതിക്രമമുണ്ടായത്.

Tags:    
News Summary - Violence against women in broad daylight The police concluded that the accused was one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.