കൊടകര: പാഠപുസ്തകത്തിലെ കഥാഭാഗത്തിന് ചിത്രഭാഷ്യം നല്‍കിയിരിക്കയാണ് ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ദേവഹാര. പി. കേശവദേവിന്റെ ഓടയില്‍ നിന്ന് എന്ന വിഖ്യാത നോവലിലെ ഒരു ഭാഗത്തിനാണ് കഴിഞ്ഞ വര്‍ഷത്തെ ഉജ്വലബാല്യം പുരസ്‌കാരജേതാവുകൂടിയായ ഈ കൊച്ചുകലാകാരി വരകളിലൂടെയും വര്‍ണങ്ങളിലൂടേയും ജീവന്‍ പകര്‍ന്നിട്ടുള്ളത്. മലയാളസാഹിത്യത്തിലെ കരുത്തനായ അനശ്വര കഥാപാത്രങ്ങളിലൊരാളായ പപ്പുവിന്റെ ജീവിതത്തിലെ പ്രധാന മൂഹൂര്‍ത്തങ്ങളെയാണ് ത്രീഡി ഇലസ്‌ട്രേഷന്‍ എന്ന വേറിട്ട സങ്കേതത്തിലൂടെ 12കാരിയായ ദേവഹാര വരച്ചിടുന്നത്.
വാര്‍ഷിക പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആരംഭിച്ചപ്പോഴാണ് പാഠപുസ്തകത്തിലെ കഥാപാത്രങ്ങള്‍ക്ക് ചിത്രഭാഷ്യം നല്‍കാനുള്ള ആശയം മനസിലുദിച്ചതെന്ന് ദേവഹാര പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളെ കളിമണ്‍ ശില്‍പ്പങ്ങളിലൂടെ കഴിഞ്ഞ അവധിക്കാലത്ത് ദേവഹാര പുനരാവിഷ്‌കരിച്ചത് ശ്രദ്ധ നേടിയിരുന്നു. തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ മാങ്കുറ്റിപ്പാടം ചാലിപ്പറമ്പില്‍ ഷിബുവിന്റേയും മലപ്പുറം മങ്കട ചേരിയം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ചിത്രകല അധ്യാപികയായ പ്രിയയുടേയും മകളാണ് ദേവഹാര. പത്താം ക്ലാസ് വിദ്യാർഥിനിയായ സഹോദരി ദേവാംഗനയും ചിത്രകാരിയാണ്. ചെറുപ്പം മുതലേ ചിത്രകലയില്‍ അഭിരുചിയുള്ള ഈ സഹോദരിമാര്‍ കോടാലി സര്‍ക്കാര്‍ എല്‍.പി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തങ്ങള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.