കൊല്ലം: ഓർമവെച്ചകാലം മുതൽ കലക്കൊപ്പമാണ് ലീലാകൃഷ്ണൻ എന്ന കുട്ടി വളർന്നത്. നാടെങ്ങുമറിഞ്ഞിരുന്ന കാഥികനായിരുന്ന പിതാവ് ആർ.പി പുത്തൂരിന്റെ ചുവടുപിടിച്ച് കലയെ ജീവിതവ്രതമാക്കി. മൂന്നര പതിറ്റാണ്ട് പിന്നിട്ട കലാജീവിതത്തിൽ കഥാപ്രസംഗവും നാടകവും സിനിമയുമെല്ലാം ഒപ്പം ചേർത്താണ് കെ.പി.എ.സി ലീലാകൃഷ്ണൻ മുന്നോട്ട് നീങ്ങുന്നത്.
ആയിരത്തിലധികം നാടക വേദികളിൽ നിറഞ്ഞാടി മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ അദ്ദേഹം അതിനും മുമ്പെ കഥാപ്രസംഗ വേദികളിലൂടെ കൊല്ലത്തെ കഥാസ്വാദകരുടെ മനസ്സിൽ സ്ഥാനംപിടിച്ചിരുന്നു.
എട്ടാം ക്ലാസുമുതൽ കഥ പറയാൻ ആരംഭിച്ച ലീലാകൃഷ്ണൻ സ്കൂൾ കാലഘട്ടത്തിൽ സംസ്ഥാന -ജില്ലാ യുവജനോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. 13ാമത്തെ വയസ്സിൽ പ്രഫഷനൽ കാഥികനായി ശർമിഷ്ഠ എന്ന കഥ അവതരിപ്പിച്ചു. ബിരുദപഠനത്തിനു ശേഷം നാടകരംഗത്തേക്ക് കടന്ന ലീലാകൃഷ്ണൻ പ്രസിദ്ധ നാടക ട്രൂപ്പായ കെ.പി.എ.സിയുടെ ഭാഗമായി.
ഒളിവിലെ ഓർമകൾ, അശ്വമേധം, മുടിയനായ പുത്രൻ, രാജാരവിവർമ തുടങ്ങിയ നാടകങ്ങളിൽ പ്രധാന വേഷം അവതരിപ്പിച്ചു. നാടക അഭിനയത്തിനിടയിലും ആകാശവാണി പ്രഭാതഭേരിയിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ആകാശവാണിയിൽ വിവിധ നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
എം.ടിയുടെ രണ്ടാമൂഴത്തെ അധികരിച്ച് പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത മമ്മൂട്ടി പ്രധാന കഥാപാത്രമായ മൾട്ടി മീഡിയ നാടകമായ ഭീമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. സ്റ്റാലിൻ ശിവദാസ്, അന്യർ, പ്രിയപ്പെട്ട നാട്ടുകാരേ, ബാല്യകാല സഖി, നവൽ എന്ന ജൂവൽ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കിയ വിശ്വഗുരു സിനിമയിലൂടെ കെ.പി.എ.സി ലീലാകൃഷ്ണൻ ഗിന്നസ് ബുക്കിൽ ഇടം നേടി. ഗാന്ധി ഭവൻ കലാ സാംസ്കാരിക കേന്ദ്രം ചെയർമാൻ ആയ ശേഷം നിർധനരായ കലാകാരന്മാർക്ക് ചികിത്സ സഹായം ചെയ്തുവരുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച നവോത്ഥാനം എന്ന നാടകത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ, ജയിൽ ഡി.ഐ.ജി, ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള എന്നീ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
ഒ. മാധവൻ, തോപ്പിൽ ഭാസി എന്നിങ്ങനെ മലയാള നാടകവേദിയിലെ പ്രഗത്ഭമതികൾക്കൊപ്പം തുടങ്ങി, ഇന്നത്തെ തലമുറക്കൊപ്പവും തോളോട് തോൾ ചേർന്നുനിന്ന് നാടകവേദികളിൽ നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം. എ.പി.ജെ. അബ്ദുൽ കലാം അവാർഡ്, കൊട്ടാരക്കര ശ്രീധരൻനായർ അവാർഡ്, ഭരത് മുരളി അവാർഡ്, സംഗീതനാടക കലോത്സവ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ പ്രിയ കലാകാരനെ തേടിയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.